deva

പത്തനംതിട്ട: അസുഖമുളള മക്കളുടെ ആരോഗ്യകാര്യത്തിൽ വേവലാതി കൊളളുന്ന ഒരമ്മയും ഒരുപക്ഷെ റജിയേപ്പോലെയാകില്ല, മെനഞ്ചൈറ്റിസും നെഞ്ചിൽ അണുബാധയുമുണ്ടാകുന്ന മകനെ അവന്റെ മനക്കരുത്തിനും ഇഷ്ടങ്ങൾക്കും വിട്ടുകൊടുക്കുക. പൊളളുന്ന ചൂടിൽ ഒാടി കുഴഞ്ഞു വീണിട്ടും മകനെ ട്രാക്കിലെ ലക്ഷ്യത്തിലേക്ക് മുന്നേറാൻ കരുത്തും തണലുമായി നിൽക്കുകയാണ് കായിക അദ്ധ്യാപിക കൂടിയായ അമ്മ. ഇന്നലെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ സമാപിച്ച ജില്ലാ സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ദേവദത്തൻ നേടിയ സ്വർണം അവൻ അമ്മ റജിക്ക് സമർപ്പിച്ചു. ട്രാക്കിലെ കുതിപ്പിന് എല്ലാ ഉത്തേജനവും നൽകിയ അച്ഛൻ അജിത്തിനെ ഫോണിൽ വിളിച്ച് നേട്ടമറിയിച്ചു. കഴിഞ്ഞ വർഷം 400മീറ്റർ മത്സരത്തിൽ ഒന്നാമനായി ഒാടി വന്ന് ഫിനിഷിംഗ് പോയിന്റിന് അൻപത് മീറ്ററിനടുത്തെത്തിയ ദേവദത്തൻ കുഴഞ്ഞ് വീണിരുന്നു. ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചപ്പോൾ നെഞ്ചിൽ അണുബാധയും ചെറിയ തോതിൽ രക്തസ്രാവവും കണ്ടെത്തി. ഇനി മത്സരങ്ങളിൽ പങ്കെടുക്കരുതെന്ന് മാത്രമല്ല, പരിശീലനം പോലും നടത്തരുതെന്ന് ഡോക്ടർമാർ ഉപദേശിച്ചതാണ്. എന്നാൽ, കായിക അദ്ധ്യാപികയായ റജിയുടെ മകന് വിശ്രമിക്കാനാവില്ലായിരുന്നു. മകന്റെ ഇഷ്ടം നടക്കട്ടയെന്ന് അമ്മയും കരുതി. ഇൗ മാസം 23ന് ആന്ധ്രയിലെ തിരുപ്പതിയിൽ നടക്കുന്ന അമച്വർ അത് ലറ്റിക് മീറ്റിൽ 600മീറ്ററിൽ ദേവദത്തൻ മത്സരിക്കും. അമ്മയ്ക്കൊപ്പം എന്നും പുലർച്ചെ അഞ്ചരയ്ക്ക് ദേവദത്തൻ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ പരിശീലനത്തിനെത്തും. വെൺകുറിഞ്ഞി എസ്.എൻ.ഡി.പി. വി.എച്ച്.എസ്.എസിലെ കായിക അദ്ധ്യാപികയാണ് റജി. ഭർത്താവ് അജിത്കുമാർ തടിയൂരിൽ ആരോഗ്യ വകുപ്പ് ജീവനക്കാരനാണ്. പന്തളം പൂഴിക്കാട് വലിയവീട്ടിൽ വടക്കേതിലാണ് താമസം. അനുജത്തി പൂഴിക്കാട് ഗവ.യു.പി.എസിലെ നാലാം ക്ളാസുകാരി നിവേദിത ഷട്ടിൽ താരമാണ്. റജിയുടെ ശിഷ്യരായി ജില്ലാ മേളയ്ക്കെത്തിയ എട്ട് കുട്ടികളിൽ ഏഴ് പേരും സംസ്ഥാന മീറ്റിലേക്ക് യോഗ്യത നേടി.

നേട്ടം : 600മീറ്റർ ഒാട്ടത്തിൽ സ്വർണം, 400മീറ്ററിൽ വെളളി.

പന്തളം എൻ.എസ്.എസ് ബോയ്സ് ഹൈസ്കൂളിലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥി.