പത്തനംതിട്ട: അടൂർ പെരിങ്ങനാട്ട് നിന്ന് വന്ന കൗമാരക്കാരി ചഞ്ചിമ രണ്ടാം തവണയും സ്വർണം നടന്ന് നേടി. ജൂനിയർ പെൺകുട്ടികളുടെ 3000മീറ്റർ നടത്ത മത്സരത്തിലാണ് പെരിങ്ങനാട് ടി.എം.ജി എച്ച്.എസ്.എസിലെ ഇൗ പത്താം ക്ളാസ് വിദ്യാർത്ഥിനി സ്വർണം അണിഞ്ഞത്. കഴിഞ്ഞ ജില്ലാ മേളയിലും ഒന്നാമതെത്തിയിരുന്നു. പരിശീലകരില്ലാതെ ചഞ്ചിമ നേടിയ സ്വർണത്തിന് തിളക്കമേറെയാണ്. പെരിങ്ങനാട് നിന്ന് ഇരുപത്തഞ്ച് കിലോമീറ്ററോളം അകലെയുളള പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ ശനി, ഞായർ ദിവസങ്ങളിൽ രാവിലെ ഏഴ് മണിക്കെത്തി പരിശീലനം നടത്തും. സ്കൂൾ ഗ്രൗണ്ടിൽ സ്ഥലമില്ലാത്തത് കാരണമാണ് പത്തനംതിട്ടയിലെത്തുന്നത്. സ്കൂൾ സ്പോർട്സ് കോർഡിനേറ്റർ മിനികുമാരിയാണ് സഹായങ്ങൾ ചെയ്യുന്നത്. പെരിങ്ങനാട് കാർത്തിക ഭവനിൽ ചെല്ലപ്പന്റെയും മായയുടെയും മകളാണ്.
ഇത്തവണ അടൂർ സബ്ജില്ല മേളയിൽ 3000മീറ്റർ ഒാട്ടത്തിൽ ഒന്നാം സ്ഥാനം നേടിയെങ്കിലും ജില്ലാ മേളയിൽ മത്സരിച്ചില്ല. ഇഷ്ട ഇനമായ നടത്ത മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു നാളെയുടെ ഇൗ താരം.