തിരുവല്ല: ആരോഗ്യ സംരക്ഷണത്തിന് നടത്തം നല്ലതാണ്. പ്രമേഹം ഉൾപ്പെടെയുള്ള പലവിധ രോഗങ്ങൾ പ്രതിരോധിക്കാനുള്ള എളുപ്പവഴിയാണിത്. പുലർച്ചെ ശുദ്ധവായു ശ്വസിച്ചുള്ള നടത്തം ഒരു ദിവസം മുഴുവൻ ഉൻമേഷം തരും. പക്ഷേ നടക്കാനുള്ള വഴികൾ അത്ര പന്തിയല്ല. തലങ്ങും വിലങ്ങും റോഡുകളുണ്ടെങ്കിലും സമാധാനത്തോടെ ഇതുവഴി നടക്കാനാവില്ല.
വീതികുറഞ്ഞ റോഡിലൂടെ പായുന്ന വാഹനങ്ങൾ തന്നെ പ്രധാന വില്ലൻ. അപകടങ്ങളേറെ ഉണ്ടായിട്ടുണ്ടെങ്കിലും കാൽനടക്കാരെ രക്ഷിക്കാൻ അധികൃതർ വഴികാണുന്നില്ല. എം.സി റോഡ്, ടി.കെ.റോഡ്, തിരുവല്ല-മാവേലിക്കര, തിരുവല്ല-മല്ലപ്പള്ളി എന്നീ പ്രധാന റോഡുകളിലൊക്കെ ഭീതിയോടെയാണ് കാൽനടക്കാർ കടന്നുപോകുന്നത്. റോഡുകളുടെ ചിലഭാഗങ്ങളിൽ വാഹനങ്ങൾ വന്നാൽ പിന്നെ നടന്നുപോകാൻ പോലും ഇടമില്ല. മറ്റിടങ്ങളിൽ അനധികൃത വാഹന പാർക്കിംഗും നിർമ്മാണങ്ങളും ബാനറുകളും . വഴിയോരത്തെ ഓടയുടെ മേൽമൂടികൾ നഗരത്തിൽ പോലും പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്.കുരിശുകവലയിലെ ഓടയിൽ വഴി യാത്രക്കാരിയുടെ കാൽ കുടുങ്ങിയത് ഇൗയിടെയാണ്.
-----------------------
വിദേശങ്ങളെ കണ്ടുപഠിക്കണം
വിദേശ രാജ്യങ്ങളിൽ അന്തരീക്ഷ മാലിന്യം കുറയ്ക്കാനും നടത്തം പ്രോത്സാഹിപ്പിക്കാനും പ്രത്യേക പദ്ധതികളുണ്ട്. ഭീതിയില്ലാതെ നടന്നുപോകാൻ കല്ലുവിരിച്ച സുന്ദരമായ നടപ്പാതകൾ, പച്ചപ്പും പൂക്കളും സമൃദ്ധമായി വളർത്തിയെടുത്ത മനോഹരമായ പാർക്കുകൾ എന്നിവ കാണാം. പ്രകൃതിരമണീയമായ തോടുകളുടെയും നദീതീരങ്ങളുടെയും വശങ്ങൾ അലങ്കരിച്ചും ആകർഷകമാക്കിയും നടപ്പാതകൾ സജ്ജമാക്കിയിട്ടുണ്ട്. തിരക്കേറിയ റോഡുകളിൽ നടപ്പാതയ്ക്കും സൈക്കിൾ സവാരിക്കുമായി പ്രത്യേകം സ്ഥലമുണ്ട്. ഇത്തരത്തിലുള്ള സൗകര്യങ്ങളിലൂടെ നടന്നുശീലിച്ച പ്രവാസികൾ നാട്ടിലെത്തുമ്പോഴാണ് അമ്പരക്കുന്നത്..
-------------------
നല്ല നടപ്പ് നല്ലതിന്
1. രാവിലെ നടക്കുന്നത് ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തും. കൊഴുപ്പൊഴിവാക്കും. ശരീരത്തിന്റെ തടി കുറയ്ക്കാനും ശരീരഭംഗി നേടുവാനും സഹായിക്കും. മസിലുകളുടെ ആരോഗ്യത്തിന് നല്ലത്. തലച്ചോറിലേക്കുള്ള ഓക്‌സിജൻ പ്രവാഹവും . രക്തപ്രവാഹവും വർദ്ധിപ്പിക്കും. ഹൃദയത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കും. ടെൻൻഷൻ ഒഴിവാക്കാൻ സഹായിക്കും.
------------
ഇരവിപേരൂരിൽ 10 പത്തുലക്ഷത്തിന്റെ പദ്ധതി ജീവിതശൈലീ രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരവിപേരൂർ പഞ്ചായത്തിൽ പത്തുലക്ഷത്തിന്റെ പദ്ധതി നടപ്പാക്കുമെന്ന് പ്രസിഡന്റ് എം.ടി. അനസൂയാദേവി പറഞ്ഞു. വള്ളംകുളം പാലത്തിന്റെ സമീപത്തുനിന്ന് അര കിലോമീറ്ററോളം ദൂരത്തിൽ നദീതീരത്തുകൂടി നടപ്പാത ക്രമീകരിക്കും. ഇവിടെ വ്യായാമം ചെയ്യുന്നതിനുള്ള ഉപകരണങ്ങളും സ്ഥാപിക്കും. ഉല്ലസിക്കാനും വിശ്രമിക്കാനും സൗകര്യങ്ങൾ ഉണ്ടാകും. പഞ്ചായത്തിലെ ഹെൽത്ത് സെന്ററിലും ഇതേരീതിയിലുള്ള സൗകര്യങ്ങൾ ഒരുക്കും.