പത്തനംതിട്ട: വീണാ ജോർജ് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 85 ലക്ഷം രൂപ അനുവദിച്ച് നിർമ്മിക്കുന്ന ഇലന്തൂർ പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നിർമ്മാണ ഉദ്ഘാടനം 15ന് ഉച്ചയ്ക്ക് 2.30ന് നടക്കും.
വോളിബോൾ കോർട്ടും സിന്തറ്റിക് ട്രാക്കും അടക്കമുള്ള മത്സരങ്ങൾക്ക് ഇലന്തൂർ സ്റ്റേഡിയം ഇനി വേദിയാകും. 1.85 ഏക്കർ സ്ഥലത്താണ് സ്റ്റേഡിയം നിർമ്മിക്കുന്നത്. സ്‌പോർട്‌സ് എൻജിനിയറിംഗ് വിഭാഗത്തിനാണ് നിർമ്മാണ ചുമതല. 20 വർഷം മുമ്പ് നാട്ടുകാർ ചേർന്ന് വികസന സമിതി രൂപീകരിച്ച് ധനസമാഹരണം നടത്തി സ്റ്റേഡിയത്തിനായുള്ള പണം കണ്ടെത്തുകയായിരുന്നു. അന്ന് ഭരണത്തിലുണ്ടായിരുന്ന മന്ത്രിസഭയുടെ തീരുമാനമായിരുന്നു എല്ലാ പഞ്ചായത്തിലും ഒരു സ്റ്റേഡിയവും സാംസ്‌കാരിക നിലയവും. അങ്ങനെയാണ് ഇലന്തൂർ സ്റ്റേഡിയത്തിന്റെ തുടക്കം.
കാലാകാലങ്ങളിൽ ഇലന്തൂർ പഞ്ചായത്തിൽ അധികാരത്തിലിരുന്ന ഭരണസമിതികൾ ഭൂമി ഏറ്റെടുക്കൽ കേസുകളുമായി മുന്നോട്ടു പോയി. 2014-15 കാലഘട്ടത്തിൽ വാർഷിക പദ്ധതി തുക ഏകദേശം 32 ലക്ഷം രൂപ കേസ് ആവശ്യത്തിനായി കോടതിയിൽ കെട്ടിവച്ചാണ് സ്റ്റേഡിയത്തിന്റെ ഭൂമി സ്വന്തമാക്കിയത്.
സ്റ്റേഡിയം നിർമ്മാണം പൂർത്തിയാകുന്നതോടെ ഇലന്തൂരിലെ കായിക പ്രേമികളുടെ ദീർഘകാലത്തെ സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത്. ഇലന്തൂർ പഞ്ചായത്ത് പ്രസിഡന്റ് എം.എസ് സിജു ചെയർമാനും പി.ആർ പ്രദീപ് ജനറൽ കൺവീനറുമായുള്ള സ്വാഗത സംഘമാണ് പ്രവർത്തിക്കുന്നത്.2.30ന് ഇലന്തൂർ പെട്രോൾ പമ്പിന് മുമ്പിൽ നിന്നും സാംസ്‌കാരിക ഘോഷയാത്ര ആരംഭിക്കും.തുടർന്ന് ചേരുന്ന സമ്മേളനം വീണ ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.ഇലന്തൂർ പഞ്ചായത്ത് പ്രസിഡന്റ് എം.എസ് സിജു, സ്വാഗത സംഘം ജനറൽ കൺവീനർ പി.ആർ പ്രദീപ്,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബാബു ജി.തോമസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ഇലന്തൂർ സ്റ്റേഡിയം ആകെ ഒരേക്കർ ഏക്കർ 17 സെന്റാണ്. 54 സെന്റ് നാട്ടുകാരുടെ കൂട്ടായ്മയായ ഗ്രാമവികസന സമിതിയുടേതും ബാക്കി 63 സെന്റ് ഭൂമി ഏറ്റെടുക്കലിലൂടെ ലഭിച്ചു.
ഫുട്‌ബോൾ കോർട്ട്, പ്രവേശന കവാടം, സിന്തറ്റിക് കോർട്ട്, ക്രിക്കറ്റ് പ്രാക്ടീസ് കോർട്ട്, വോളിബോൾ കോർട്ട്, ചുറ്റുമതിൽ, പാർക്കിംഗ് എന്നിവയാണ് നിർമ്മിയ്ക്കുന്നത്.