അടൂർ: അടൂരിൽ 18ന് നടക്കുന്ന ഇടമൺ കൊച്ചി പവർ ഹൈവേയുടെ ഉദ്ഘാടനം വൻ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് വൈദ്യുതി ബോർഡും സ്വാഗത സംഘവും. വൈകിട്ട് 6ന് ഗ്രീൻവാലി ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി എം.എം മണി അദ്ധ്യക്ഷത വഹിക്കും. ചരിത്ര നിമിഷത്തെ നെഞ്ചേറ്റാൻ ഒരുങ്ങുകയാണ് വൈദ്യുതി മേഖലയിലെ ജീവനക്കാരും നാട്ടുകാരും. ഇടമൺ കൊച്ചി പവർ ഹൈവേ അടൂരിൽകൂടി കടന്നു പോകുന്നില്ലെങ്കിലും ശബരിമല സീസൺ കണക്കിലെടുത്തുള്ള തിരക്കും നിയമസഭ സമ്മേളനം നടക്കുന്നതിനാൽ മുഖ്യമന്ത്രിക്ക് വേഗം തിരികെ മടങ്ങുന്നതിനുമുള്ള സൗകര്യം കണക്കിലെടുത്താണ് ഉദ്ഘാടന ചടങ്ങിന് അടൂർ വേദിയാകുന്നത്.

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമെന്ന് പ്രതീക്ഷ

കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്ക് ദീർഘകാല പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന ഇടമൺ കൊച്ചി 400 കെ.വി ഊർജ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങ് ചരിത്ര സംഭവമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്നത്. ഇന്നും നാളെയും ഇതിന്റെ ഭാഗമായി വിളംബര ജാഥകൾ നടക്കും. കെ.എസ്.ഇ.ബി ജീവനക്കാരുടെ വിളംബരജാഥ ഇന്ന് രാവിലെ 10ന് മരിയ ആശുപത്രി ജംഗ്ഷനിൽ നിന്നും ആരംഭിച്ച് നഗരം ചുറ്റും. ചിറ്റയം ഗോപകുമാർ എം.എൽ.എ ചെയർമാനായുള്ള സംഘാടക സമിതിയുടെ വിളംബര ജാഥ 16ന് വൈകിട്ട് 4ന് പടിഞ്ഞാറെ വൺവേ പോയിന്റിൽ നിന്നും ആരംഭിച്ച് നഗരം ചുറ്റി കെ.എസ്. ആർ.ടി.സി ജംഗ്ഷനിൽ സമാപിക്കും.17ന് ഫ്‌ളാഷ് മോബ് നടക്കും.18ന് ഉദ്ഘാടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ഫലകം അനാച്ഛാദനം ചെയ്യും.

തർക്കങ്ങൾ പരിഹരിച്ചത്

സെപ്തംബർ 25ന് വൈകിട്ട് 4.16ന് പരീക്ഷണാടിസ്ഥാനത്തിൽ വൈദ്യുതി പ്രവഹിപ്പിച്ചതിന് പുറമേ കഴിഞ്ഞ ദിവസം മുതൽ തമിഴ്‌നാട്ടിലെ കൂടംകുളം ആണവ നിലയത്തിൽനിന്നുള്ള വൈദ്യുതി കേരളത്തിലേക്ക് എത്തിത്തുടങ്ങി. സ്ഥലമുടമകളുടെ എതിർപ്പ് മൂലം 13 വർഷമായി മുടങ്ങിക്കിടക്കുകയായിരുന്ന ലൈൻ നിർമ്മാണത്തിന് സംസ്ഥാന സർക്കാരിന്റെ ശക്തമായ ഇടപെടൽ മൂലം തർക്കങ്ങൾ പരിഹരിച്ച് 2017 മാർച്ച് 9നാണ് പുനരാരംഭിച്ചത്.

----------------------------------------------------------

കടന്നു പോകുന്നത് നാല് ജില്ലകളിൽക്കൂടി

എറണാകുളം- കോട്ടയം, കൊല്ലം- പത്തനംതിട്ട

ദൈർഘ്യം-148കി.മീ.

447 ടവറുകൾ

പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ

2019 സെപ്തംബർ 10ന് പൂർത്തിയായി