കോന്നി : സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ച ജില്ലകളിൽ ഒന്നാണ് പത്തനംതിട്ട. മൺസൂൺ, വേനൽമഴ എല്ലാംകൂടി കണക്കെടുത്താൽ കഴിഞ്ഞ ഒരുവർഷത്തിനിടെ 63 ശതമാനം മഴയുടെ കുറവ് ജില്ലയ്ക്കുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ കണക്കുകൾ. കനത്ത മഴയും വെള്ളപ്പൊക്കവുമൊക്കെ അടുത്തിടെ ഉണ്ടായിട്ടും ചൂടിന് കുറവൊന്നുമില്ല. ശരാശരി പകൽ താപനില ജില്ലയിൽ 36 ഡിഗ്രി വരെയാണ്. അന്തരീക്ഷ താപനില ഉയർന്നതോടെ ഭൂഗർഭ ജലനിരപ്പ് താഴുകയാണ്.
ആശ്വാസം വേനൽ മഴ
വേനൽമഴ ചിലയിടങ്ങളിൽ ലഭിക്കുന്നത് വൈകുന്നേരങ്ങളിലെ ചൂടിന് നേരിയ ആശ്വാസമാണെങ്കിലും ഉയർന്ന പ്രദേശങ്ങളിലെ ജലക്ഷാമത്തിന് പരിഹാരമായിട്ടില്ല. കാർഷികമേഖലയ്ക്ക് വേനൽമഴ നേരിയ ആശ്വാസമാണ്. കുടിക്കാൻ ശുദ്ധജലംപോലും ലഭ്യമാകാത്ത സാഹചര്യം പലയിടങ്ങളിലുമുണ്ട്. കുപ്പിവെള്ളമാണ് പലർക്കും ആശ്രയം.