ചെങ്ങന്നൂർ: വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തെളുവെടുപ്പിനായി കൊണ്ടുവന്നപ്പോൾ ജനരോഷമിരമ്പി. കോടുകുളഞ്ഞി പാറച്ചന്ത ആഞ്ഞിലിമൂട്ടിൽ വീട്ടിലെത്തിച്ച പ്രതികളെ മർദ്ദിക്കാനും ശ്രമമുണ്ടായി.തങ്ങളെ പ്രതികളെ കാണിക്കാത്തതിൽ പ്രതിഷേധിച്ച് വീട്ടുകാർ വൈകാരികമായി പൊലീസിനോട് പ്രതികരിച്ചതോടെ നാട്ടുകാരും പൊലീസിന് നേരെ തിരഞ്ഞു. പ്രതികൾക്കുനേരെ പാഞ്ഞടുത്ത നാട്ടുകാരെ പിന്തിരിപ്പിക്കാൻ പൊലീസ് ലാത്തിവീശി. ചിതറിയോടിയവരിൽ ചിലർ താഴെവിണു. ജനങ്ങളുടെ ഉന്തിലും തളളിലും വീടിന്റെ മതിലിന്റെ ഒരു ഭാഗവും ഇടിഞ്ഞുവീണു. പ്രതികളെ കാണിക്കാമെന്ന് ഡിവൈ.എസ്.പി അനീഷ് വി. കോര വീട്ടുകാർക്ക് ഉറപ്പുനൽകിയതോടെയാണ് സംഘർഷത്തിന് അയവുവന്നത്. തുടർന്ന് പ്രതികളെ സുരക്ഷിതമായി വാഹനത്തിലെത്തിച്ച് വെണ്മണി പൊലീസ് സ്റ്രേഷനിലേക്ക് മാറ്റി.
ആലപ്പുഴയിൽ നിന്ന് ഇന്നലെ വൈകിട്ട് 5.30നാണ് പ്രതികളായ ലബ്ലു ഹസനേയും ജുവൽ ഹസനേയും ആഞ്ഞിലിമൂട്ടിൽ വീട്ടിൽ കൊണ്ടുവന്നത്.
എ.പി ചെറിയാന്റെ മൃതദേഹം കണ്ടെത്തിയ സ്റ്റോർ റൂമിലാണ് ആദ്യം എത്തിച്ചത്. കൊലനടത്തിയ വിധം പ്രതികൾ പൊലീസിനോട് വിവരിച്ചു. തുടർന്ന് പിൻവാതിലിലൂടെ അടുക്കളയിലെത്തി ലില്ലിയെ കൊലപ്പെടുത്തിയ വിധം കാട്ടിക്കൊടുത്തു. ഇതിനുശേഷം ഏതെല്ലാം മുറികളിൽ നിന്നാണ് സ്വർണവും പണവും മറ്റ് വിലപിടിപ്പുളള രേഖകളും കവർച്ച ചെയ്തതെന്നും ഇവർ പൊലീസിനോട് വിവരിച്ചു. ഡിവൈ. എസ്. പി അനീഷ് വി. കോരയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങൾക്ക് ഒരു കൂസലുമില്ലാതെയാണ് പ്രതികൾ ഉത്തരം നൽകിയത്. ഈ സമയം വീട്ടിൽ മക്കളായ ബിഭു ചെറിയാനും, ബിന്ദുവും, ഇവരുടെ ഭാര്യാ ഭർത്താക്കന്മാരും അടുത്ത ബന്ധുക്കളും ഉണ്ടായിരുന്നു. ഇവരെ വീടിന്റെ ഒരു ഭാഗത്ത് മാറ്റി നിറുത്തിയ ശേഷമാണ് തെളിവെടുപ്പ് നടത്തിയത്.