പത്തനംതിട്ട : ശബരിമലയിലെ ആചാര ലംഘനത്തിന് കൂട്ടുനിൽക്കില്ലെന്ന സി.പി.എം നിലപാട് സ്വാഗതം ചെയ്യുന്നതായി തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡന്റും ആചാര സംരക്ഷണ സമിതി കൺവീനറുമായ പ്രയാർ ഗോപാലക്യഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. യുവതി പ്രവേശനത്തിന് എതിരായി യു.ഡി.എഫ് എടുത്ത നിലപാടിന് വലിയ ജനപിന്തുണയാണ് ലഭിച്ചത് . പുനഃപരിശോധന ഹർജി വാദത്തിൽ കേരളത്തിലെ യു.ഡി.എഫ് നേതൃത്വത്തിന്റെയും ഭക്തജനങ്ങളുടെയും ആവശ്യങ്ങൾ അഭിഭാഷകരെ ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞു. കഴിഞ്ഞ മണ്ഡലകാലം കലാപ കലുഷിതമാക്കിയതിന് ഇടതുസർക്കാർ ഭക്തജനങ്ങളോട് മാപ്പ് പറയണം. നാമജപ ഘോഷയാത്ര നടത്തിയവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കാൻ സർക്കാർ
തയ്യാറാകണം. ഈ മണ്ഡല കാലത്ത് ഭക്തർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും അടിയന്തരമായി ഇടപെടണം. ശബരിമലയിൽ ആചാര ലംഘനത്തിന് വിധേയമായ അന്തിമവിധി ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നതായും ഭക്തസമൂഹത്തെ ഒന്നായി കാണാൻ പുതിയ ബോർഡിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.