പത്തനംതിട്ട : സംസ്ഥാനത്തെ വൈദ്യുതി മേഖലയ്ക്ക് മുതൽക്കൂട്ടായി ഇടമൺ കൊച്ചി പവർ ലൈൻ ചാർജിംഗ് തുടങ്ങി. ഉദുമൽപെട്ട- പാലക്കാട് ലൈൻ തകരാറിലായാൽ ഇനി കേരളം മുഴുവൻ ഇരുട്ടിലാകില്ല. ഇടമൺ കൊച്ചി പവർ ഹൈവേ പൂർത്തിയായതോടെ 400 കെ.വി ശൃംഖലയിലൂടെ ഇന്ത്യയുടെ ഏതു ഭാഗത്തുനിന്നും കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാൻ കഴിയും.
2000 മെഗാവാട്ട് പ്രസരണശേഷിയുള്ള ഈ ലൈനിലൂടെ വൈദ്യുതി എത്തിത്തുടങ്ങിയപ്പോൾ കേരളത്തിലെ പ്രസരണ ശൃംഖലയിൽ ശരാശരി രണ്ടുകിലോ വോൾട്ട് വർദ്ധനവ് സാദ്ധ്യമായി. പരമാവധി ശേഷിയിൽ വൈദ്യുതി എത്തിച്ചിരുന്ന ഉദുമൽപെട്ട - പാലക്കാട്, മൈസൂർ-അരീക്കോട് എന്നീ അന്തർ സംസ്ഥാന ലൈനുകളിലെ വൈദ്യുത പ്രവാഹ നിലയിൽ ആനുപാതികമായി കുറവ് വരുത്താനും കഴിഞ്ഞിട്ടുണ്ട്.

----------------------

പവർ ഹൈവേ

2000 മെഗാവാട്ട് ശേഷിയുള്ള കൂടംകുളം ആണവ വൈദ്യുത നിലയത്തിൽ നിന്ന് കേരളത്തിന്റെ വൈദ്യുതി വിഹിതമായ 266 മെഗാവാട്ട്, പ്രസരണ നഷ്ടം കുറച്ച് സംസ്ഥാനത്ത് എത്തിക്കുന്ന ലൈൻ.

-------------------------------

വൈദ്യുതി പ്രവഹിപ്പിച്ചു തുടങ്ങിയത്- 2019 സെപ്തംബർ 25ന്

----------------------

പ്രയോജനങ്ങൾ

. 400 കെ.വിയുടെ പ്രസരണ ശൃംഖല വഴി ഇന്ത്യയിൽ എവിടെ നിന്നും ഇനി കേരളത്തിൽ വൈദ്യുതി എത്തിക്കാം.

കൂടംകുളത്തുനിന്ന് ലഭിച്ചിരുന്ന 266 മെഗാവാട്ട് വൈദ്യുതി ഉദുമൽപെട്ട വഴി കേരളത്തിലേക്ക് എത്തുമ്പോൾ 20 മെഗാവാട്ട് (വർഷം 102 ദശലക്ഷം യൂണിറ്റ്) പ്രസരണ നഷ്ടം ഉണ്ടാകാറുണ്ട്. ഇതിന് പരിഹാരമാകും.

ലൈൻ നാല് ജില്ലകളിലൂടെ

കൊല്ലം (22 കി.മീ), പത്തനംതിട്ട (47 കി.മീ), കോട്ടയം (51 കി.മീ), എറണാകുളം (28 കി.മീ)