sabarimala-

ശബരിമല: ശരണഘോഷം മുഴക്കി കാത്തുനിന്ന ഭക്തസമുദ്രത്തിന് പുണ്യദർശനമേകി ശബരീശന്റെ തിരുനട തുറന്നു. സുപ്രീംകോടതി വിധിയെത്തുടർന്ന് കഴിഞ്ഞ തവണ ഉരുണ്ടുകൂടിയ സംഘർഷ മേഘങ്ങളെല്ലാമൊഴിഞ്ഞ് ഇൗ വർഷത്തെ മണ്ഡല, മകരവിളക്ക് മഹോത്സവത്തിന് പ്രശാന്തസുന്ദമായ തുടക്കം.

തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി നട തുറന്ന് യോഗ നിദ്രയയിലായിരുന്ന ശബരീശന് മുന്നിൽ വിളക്ക് തെളിച്ചു. തുടർന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെയും നടകൾ തുറന്ന് വിളക്കുകൾ തെളിച്ചു. തന്ത്രി പതിനെട്ടാം പടിയിറങ്ങി ആഴിയിൽ അഗ്നി തെളിച്ച ശേഷം പുതിയ സന്നിധാനം മേൽശാന്തിയെ സ്വീകരിച്ച് പതിനെട്ടാം പടി കയറി. തുടർന്ന് ഇരുമുടിക്കെട്ടേന്തിയ ഭക്തരെ കയറ്റി.ഭക്തർക്ക് തന്ത്രി വിഭൂതി പ്രസാദം നൽകി. ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു, ദേവസ്വം ബോർഡ് അംഗങ്ങളായ കെ.എസ്.രവി, എൻ.വിജയകുമാർ, ദേവസ്വം കമ്മിഷണർ എം.ഹർഷൻ, പൊലീസ് കൗൺട്രോളർ രാഹുൽ ആർ.നായർ, ശബരിമല സ്‌പെഷ്യൽ കമ്മിഷണർ മനോജ് തുടങ്ങിയവർ നട തുറന്നപ്പോൾ ദർശനത്തിനെത്തിയിരുന്നു.

പുതിയ ശബരിമല മേൽശാന്തിയായി എ.കെ.സുധീർ നമ്പൂതിരിയെ അവരോധിക്കുന്ന ചടങ്ങ് ഇന്നലെ രാവിലെ 6.15ന് ആരംഭിച്ചു. അയ്യപ്പ ശ്രീകോവിലിനു മുന്നിലെ സോപാനത്ത് ഇരുത്തി തന്ത്രിയെ കലശാഭിഷേകം നടത്തി. അയ്യപ്പന്റെ മൂലമന്ത്രം തന്ത്രി മേൽശാന്തിക്ക് പകർന്നുനൽകി.ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ബോർഡ് ഭാരവാഹികളും ഇന്ന് ദർശനം നടത്തും. ഡിസംബർ 27നാണ് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡല പൂജ. ജനുവരി 15നാണ് മകരവിളക്ക്.

മാളികപ്പുറം മേൽശാന്തിക്ക് ആശൂലം

മാളികപ്പുറം മേൽശാന്തിയായ എം.എസ്.പരമേശ്വരൻ നമ്പൂതിരിയെ അവരോധിക്കുന്ന ചടങ്ങ് അദ്ദേഹത്തിന്റെ കുടുംബത്തിലുണ്ടായ മരണത്തെ തുടർന്നുള്ള ആശൂലം കാരണം നടന്നില്ല. പിതാവിന്റെ ബന്ധുവാണ് മരിച്ചത്. പഴയ മേൽശാന്തി എം.എൻ.നാരായണൻ നമ്പൂതിരിയാണ് ഇന്നലെ നടതുറന്നത്. പമ്പയിൽ നിന്ന് മല കയറി സന്നിധാനത്ത് എത്തിയപ്പോഴാണ് പരമേശ്വരൻ നമ്പൂതിരി മരണവിവരം അറിഞ്ഞത്. ശബരി ഗസ്റ്റ് ഹൗസിൽ വിശ്രമിക്കുന്ന മേൽശാന്തിയെ 23ന് അവരോധിക്കും.