തിരുവല്ല: ജല അതോറിറ്റിയുടെ പി.എച്ച് സബ് ഡിവിഷൻ തിരുവല്ലയുടെ പരിധിയിൽ വെള്ളക്കരം കുടിശ്ശികയുള്ള കണക്ഷനുകൾ വിച്ഛേദിക്കുന്ന നടപടികൾ തുടങ്ങി. വലിയ തുക കുടിശ്ശികയുള്ള 38 കണക്ഷനുകൾ വിച്ഛേദിച്ചു. തിരുവല്ല സബ് ഡിവിഷനിൽ ഉപഭോക്താക്കളുടെ രണ്ടു കോടി രൂപയോളം കുടിശികയുണ്ട്. തിരുവല്ല മുൻസിപ്പാലിറ്റി, കവിയൂർ, കുന്നന്താനം, കുറ്റൂർ, തിരുവൻവണ്ടൂർ, കടപ്ര, നിരണം, നെടുമ്പ്രം, പെരിങ്ങര എന്നീ പഞ്ചായത്തുകളിലുമാണ് നടപടികൾ ആരംഭിച്ചത്. മൂന്നു മാസത്തിലേറെയായി കുടിശിക വരുത്തിയിട്ടുള്ള കണക്ഷനുകളും മീറ്റർ കേടായ നിലയിലുള്ള കണക്ഷനുകളുമാണ് വിച്ഛേദിക്കുന്നത്.

1.ഗാർഹിക കണക്ഷനുകൾ, ഗാർഹികേതര മാർഗ്ഗങ്ങൾക്ക് ഉപയോഗിക്കുകയോ ശുദ്ധജലം ദുർവിനിയോഗം ചെയ്യുകയോ ശ്രദ്ധയിൽപ്പെട്ടാൽ മുൻ‌കൂർ നോട്ടീസ് നൽകാതെ വിച്ഛേദിക്കും.

2. മീറ്റർ പ്രവർത്തനരഹിതമാണെന്ന നോട്ടീസ് ലഭിച്ചിട്ടും തകരാറിലായ മീറ്ററുകൾ മാറ്റി പുതിയ മീറ്റർ സ്ഥാപിക്കാത്ത കണക്ഷനുകൾ കുടിശ്ശികയില്ലെങ്കിൽ പോലും വിച്ഛേദിക്കുന്നതായിരിക്കും.

ഉടമസ്ഥതാവകാശം മാറ്റാം

വാട്ടർ കണക്ഷൻ ഉടമസ്ഥതാവകാശം മാറ്റിയിട്ടില്ലാത്തവർ ഇത് മാറ്റുന്നതിനായി ഉടമസ്ഥതാവകാശ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, 200 രൂപയുടെ മുദ്രപ്പത്രം, വസ്തുവിന്റെ ആധാരത്തിന്റെ പകർപ്പ് എന്നിവ സഹിതം അസി. എക്സി. എൻജിനിയറുടെ ഓഫീസുമായി ബന്ധപ്പെടണം.

നിശ്ചിത കാലാവധിക്കുള്ളിൽ പണം അടയ്ക്കാത്ത ഉപഭോക്താക്കൾക്കെതിരെ റവന്യു റിക്കവറി നടപടികൾ ആരംഭിക്കും.

എൻ.ജി.ശ്രീകുമാർ,

തിരുവല്ല സബ് ഡിവിഷൻ

അസി.എക്സി.എൻജിനിയർ

38 കണക്ഷനുകൾ വിച്ഛേദിച്ചു,

സബ് ഡിവിഷനിൽ

വെള്ളക്കരം കുടിശിക: 2കോടി രൂപ