അടൂർ: ഭിക്ഷാടനത്തിന്റെ ഭാഗമായി തെരുവിൽ അലഞ്ഞ് നടന്നിരുന്ന 25 പേർക്കാണ് ഒക്‌ടോബർ, നവംബർ മാസങ്ങളിലായി അടൂർ മഹാത്മ ജനസേവനകേന്ദ്രം അഭയമൊരുക്കിയത്. അടൂർ, ഇലവുംതിട്ട, പന്തളം, ഏനാത്ത്, കൂടൽ, ആറന്മുള, പുളിക്കീഴ് എന്നീ പൊലീസ് സ്റ്റേഷനുകളുടെ സഹായത്തോടെയാണ് ഇവരെ കണ്ടെത്തിയത്. അടൂർ ഡിവൈ.എസ്.പിയുടെ നിർദ്ദേശപ്രകാരം ജനമൈത്രി പൊലീസ് 16 പേരെയാണ് ഭിക്ഷാടകരായി കണ്ടെത്തിയത്. ഏറെയും ഭിക്ഷാടന മാഫിയായിലെ അംഗങ്ങളാണ്. ഏഴ് പേരെ ബന്ധുക്കളെ കണ്ടെത്തി തിരികെ അയച്ചു. അടൂർ പൊലീസ് എത്തിച്ച ബാബു, ഇലവുംതിട്ട പൊലീസ് എത്തിച്ച ഗൗരിയമ്മ, കൊടുമൺ പൊലീസ് എത്തിച്ച ഭാർഗ്ഗവിയമ്മ എന്നിവർ മരണപ്പെട്ടു. ഗൗരിയമ്മ, ഭാർഗ്ഗവിയമ്മ എന്നിവരുടെ മൃതദേഹം പഞ്ചായത്ത് അധികൃതരും, ബന്ധുക്കളും ഏറ്റെടുത്തു. ബാബുവിന്റെ മൃതദേഹം പൊലീസ് പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്‌കരിച്ചു. ഭിക്ഷാടകർ ഏറെയും അന്യ സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ചേരുന്നവരാണ്. ഓച്ചിറ കേന്ദ്രമാക്കി ഭിക്ഷാടനസംഘം പ്രവർത്തിക്കുന്നതായും ഭിക്ഷാടനത്തിനായി ഇവരെ വിവിധ സ്ഥലങ്ങളിലായി എത്തിക്കാൻ ചുമതലക്കാരുണ്ടെന്നും ഇവരിൽ നിന്ന് അറിയാൻ കഴിഞ്ഞു.