ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഭരണഭാഷാ വാരാചരണം നടക്കുന്നു. പരിപാടിയോട് അനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി മത്സരങ്ങളുമുണ്ട്. ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ വിദ്യാർത്ഥിയേയും കൂട്ടിവന്ന രക്ഷാകർത്താവ് സംഘാടകനോട് ഫോണിൽ വിളിച്ചുചോദിച്ചു.- എവിടെയാണ് മത്സരങ്ങൾ നടക്കുന്നത് ?
വഴി പറഞ്ഞുകൊടുക്കാനായി സംഘാടകൻ ചോദിച്ചു- നിങ്ങൾ എവിടെയാണ് നിൽക്കുന്നത് ?
രക്ഷിതാവ് - പത്തനംതിട്ട ബസ് സ്റ്റാൻഡിലെ പ്രതിമയ്ക്കടുത്തുണ്ട് .
സംഘാടകൻ - ഏതു പ്രതിമ ?
രക്ഷിതാവ് - അറിയില്ല. ഏതോ ഒരു പ്രതിമ. ( ആരുടേതെന്ന് നോക്കാൻ അയാൾ കുട്ടിയോട് പറയുന്നു. കുട്ടി പേര് വായിച്ച് പ്രതിമയുടെ പേര് പറയുന്നു)
ക്വിസ് മത്സരത്തിന് വന്ന കുട്ടി മിടുക്കനായിരുന്നു. ശാസ്ത്രത്തിലെയും ചരിത്രത്തിലെയും എന്നുവേണ്ട സർവ മേഖലയിലെയും കാര്യങ്ങൾ വശമുണ്ട്. പക്ഷേ കുട്ടിക്ക് കെ.കെ.നായരെ അറിയില്ല. കുട്ടിക്ക് മാത്രമല്ല, രക്ഷിതാവിനും.
കെ.കെ.നായരെ അറിയാത്ത കുട്ടിയെയേയും രക്ഷിതാവിനേയും നമ്മൾ കുറ്റം പറയേണ്ട.
ആളുകൾ തിരിച്ചറിയാനും ഒാർത്തുവയ്ക്കാനും ചരിത്രത്തിലെ വലിയ സാന്നിദ്ധ്യമൊന്നുമല്ല കെ.കെ.നായർ. പത്തനംതിട്ടയിൽ കുറേക്കാലം എം.എൽ.എ ആയിരുന്ന ആളാണ് അദ്ദേഹം. അങ്ങനെ എത്രയോ എം.എൽ.എമാരുണ്ട്. അവരെയെല്ലാം ഒാർത്തുവയ്ക്കാനും തിരിച്ചറിയാനും കഴിയുമോ.
പക്ഷേ കെ.കെ.നായരുടെ കാര്യത്തിൽ അങ്ങനെ മതിയോ. വലിയൊരു ത്യാഗത്തിന്റെ കഥയാണ് അദ്ദേഹത്തിന്റേത്. പത്തനംതിട്ട കൊല്ലം ജില്ലയുടെ ഭാഗമായിരുന്ന കാലത്ത് പത്തനംതിട്ടയ്ക്ക് സ്വന്തം ജില്ല വേണമെന്ന ആവശ്യവുമായി നിലകൊണ്ട ജനപ്രതിനിധി.
കെ.കരുണാകരൻ മന്ത്രിസഭയിൽ മന്ത്രിസ്ഥാനം കിട്ടുമായിരുന്നിട്ടും തനിക്ക് മന്ത്രി പദവിക്ക് പകരം പത്തനംതിട്ടയ്ക്ക് ജില്ല നൽകിയാൽ മതിയെന്ന് പറഞ്ഞ ആദർശധീരൻ. കുടുംബശ്രീ പ്രസിഡന്റാകാൻ വരെ പിടിവലി നടക്കുന്ന നാട്ടിലാണ് ഒരാൾ തനിക്ക് മന്ത്രി പദവി വേണ്ടെന്ന് പറഞ്ഞതെന്നോർക്കണം.സ്ഥാനമാനങ്ങൾ ത്യജിച്ച് നാടിന്റെ മുന്നേറ്റത്തിന് സദാ ശ്രമിച്ചുകൊണ്ടിരുന്ന ജനപ്രതിനിധിയായിരുന്നു കെ.കെ.നായർ. ആ ത്യാഗത്തിന്റെ കഥ കുട്ടികൾക്ക് വലിയ പ്രചോദനാകാൻ നമ്മൾ പറഞ്ഞുകൊടുക്കേണ്ടതല്ലേ. വരാനിരിക്കുന്ന മാറ്റങ്ങളെ മുൻകൂട്ടിക്കണ്ട് വികസന പദ്ധതികൾ ആസൂത്രണം ചെയ്ത ദീർഘദർശിയായിരുന്നു അദ്ദേഹം. സ്വാർത്ഥതയില്ലാതെ സമൂഹത്തെ സേവിച്ച നിയമസഭാ സാമാജികൻ.ഉന്നതമായ കാഴ്ചപ്പാടുകൾകൊണ്ട് സമ്പന്നമായിരുന്ന ജീവിതം. സർവരാലും ആദരിക്കപ്പെട്ട വ്യക്തിത്വം.
കാലം കടന്നുപോകുമ്പോൾ അങ്ങനെയൊരാൾ തിരിച്ചറിയപ്പെടാതെ മറവിയിലേക്ക് പോവുകയാണ്. എല്ലാ നാടുകളിലും ഇത്തരം ആദർശ ധീരൻമാരുണ്ട്. പുതിയ കാലം വരുമ്പോൾ അവർ അപ്രസക്തരാവുകയാണ്. പുതിയ തലമുറയ്ക്ക് അവരെ തിരിച്ചറിയാനാകുന്നില്ല.അവരെക്കുറിച്ച് പറഞ്ഞുകൊടുക്കാൻ പഴയവർ മുതിരുന്നുമില്ല. കെ.കെ.നായർ ഒരു പ്രതിമയായെങ്കിലും നമ്മുടെ മുന്നിലുണ്ട്. അതിനുപോലും ഭാഗ്യമില്ലാതെ മൺമറഞ്ഞ എത്രയോപേർ വേറെയുണ്ട് .