പന്തളം: മണ്ഡലക്കാലം ആരംഭിച്ചതോടെ പന്തളത്ത് ഭക്തജന പ്രവാഹം തുടങ്ങി. വൃശ്ചികം ഒന്നായ ഇന്നലെ വലിയകോയിക്കൽ ശ്രീധർമ്മ ശാസ്ത്രാ ക്ഷേത്രത്തിൽ പുലർച്ചെ മുതൽ തിരക്കായിരുന്നു. സ്രാമ്പിക്കൽ കൊട്ടാരത്തിൽ ദർശനത്തിന് വച്ചിട്ടുളള തിരുവാഭരണങ്ങൾ കാണാനും ഏറെ ഭക്തരെത്തി. ശബരിമലയ്ക്ക്പോകാൻ മാലയിടുന്നതിന് നൂറുകണക്കിന് സ്വാമിമാർ ഇന്നലെ ക്ഷേത്രത്തിൽ എത്തി. വലിയകോയിക്കൽ ക്ഷേത്രത്തിൽ തൊഴുതു തിരുവാഭരണ ദർശനവും നടത്തി ശബരിമലയ്ക്ക് പോകുക എന്നത് വിശ്വാസത്തിന്റെ ഭാഗമാണ്.
തിരുവാഭരണങ്ങൾ ദർശിക്കാം
എല്ലാ ദിവസവും പുലർച്ചെ 5 മുതൽ രാത്രി 8 വരെ തിരുവാഭരണങ്ങൾ ദർശിക്കാം. മണ്ഡലപൂജയ്ക്ക്വേണ്ടി ശബരിമല നട അടക്കുന്ന ദിവസങ്ങളിൽ തിരുവാഭരണ ദർശനം ഉണ്ടാകില്ല.
ദിവസവും അന്നദാനം
ആലുംമൂട്ടിൽ ഫ്രണ്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സമൂഹസദ്യയും ചിറപ്പും ഇന്നലെ നടന്നു. ദേവസ്വംബോർഡ്, ക്ഷേത്രോപദേശ കസമിതി, അയ്യപ്പസേവാസംഘം എന്നിവയുടെ നേതൃത്വത്തിൽ എല്ലാദിവസവും ഉച്ചക്ക് 12 മുതൽ അന്നദാനം ഒരുക്കിയിട്ടുണ്ട്. തീർത്ഥാടകരുടെ സുരക്ഷ കണക്കിലെടുത്ത് കുളിക്കടവുകൾ ഉൾപ്പെടെയുള്ള പ്രധാനകേന്ദ്രങ്ങളിൽ പൊലീസും അഗ്നിശമനസേനയും കാവലുണ്ട്.