ചെങ്ങന്നൂർ: വെണ്മണി ഇരട്ടക്കൊലപാതക കേസിലെ പ്രതികളായ ലബ്ലു ഹുസൈനെയും ജുവൽ ഹസനെയും 25 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ട് ചെങ്ങന്നൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവായി. കൊലനടന്ന ആഞ്ഞിലിമ്മൂട്ടിൽ വീട്ടിൽ നിന്ന് മോഷണം പോയ സ്വർണത്തിൽ കുറച്ചു കൂടി കണ്ടെത്താനുണ്ടെന്ന് പൊലീസ് കോടതിയിൽ അറിയിച്ചു.
പ്രതികളിൽ നിന്ന് കണ്ടെടുത്ത സ്വർണംവീട്ടുകാരെ കാണിച്ച് ഉറപ്പുവരുത്തി. ബാക്കി സ്വർണം കണ്ടെടുക്കാൻ കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്ന പൊലീസിന്റെ ആവശ്യപ്രകാരമാണ് കസ്റ്റഡി അനുവദിച്ചത്. 25ന് രാവിലെ 11ന് മുമ്പ് പ്രതികളെ കോടതിയിൽ ഹാജരാക്കണമെന്ന് മജിസ്‌ട്രേറ്റ് രേഷ്മ ശശിധരൻ ഉത്തരവിട്ടു.
പൊലീസ് ഉപദ്രവിച്ചോ എന്ന മജിസ്‌ട്രേറ്റിന്റെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു പ്രതികളുടെ മറുപടി. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടോ എന്ന ചോദ്യത്തിന് പല്ലുവേദന ഉണ്ടെന്ന് ലബ്ലു മറുപടി നൽകി.