മല്ലപ്പള്ളി: ചരിത്രവും സംസ്കാരവും പഴമയും ഒത്തുചേരുന്ന തെളളിയൂർക്കാവ് വൃശ്ചിക വാണിഭമേള തുടങ്ങി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഒരു കാലത്ത് സമ്പത്തിനു വേണ്ടി രാജ്യങ്ങൾ തമ്മിൽ യുദ്ധം ചെയ്തിരുന്നെങ്കിൽ ഇന്ന് മാർക്കറ്റുകൾക്കു വേണ്ടിയാണ് രാജ്യങ്ങൾ തമ്മിൽ മത്സരമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.ആ മത്സരങ്ങൾക്കിടയിലും നൂറ്റാണ്ടുകൾ പഴക്കമുള്ള തെള്ളിയൂർക്കാവ് വൃശ്ചിക മേള കൂടുതൽ മെച്ചപ്പെട്ട നിലയിൽ നിലനിൽക്കുന്നത് ഗ്രാമീണ നന്മയുടെ ഫലമാണെന്നും ചെന്നിത്തല പറഞ്ഞു .രാജു ഏബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്താ, വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനന്ദ തീർത്ഥപാദർ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ സമ്മേളനവും മാത്യു ടി.തോമസ് എം.എൽ.എ ജീവകാരുണ്യ പ്രവർത്തനങ്ങളും ഉദ്ഘാടനം ചെയ്തു. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തി. കലാ - സാഹിത്യ - വിദ്യാഭ്യാസ മേഖലകളിൽ മികവു പുലർത്തിയവരെ മുൻമന്ത്രി പന്തളം സുധാകരൻ ആദരിച്ചു. മുൻ എം.എൽ.എമാരായ കെ.ശിവദാസൻ നായർ, ജോസഫ് എം.പുതുശ്ശേരി, മാലേത്ത് സരളാദേവി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണദേവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ബി. കൃഷ്ണകുമാർ (കോയിപ്രം) രാജേഷ് ചാത്തങ്കേരി (പുളിക്കീഴ്) ശ്രീരാമാ ശ്രമംട്രസ്റ്റ് ചെയർമാൻ ഡി.ഗോപാലകൃഷ്ണൻ നായർ, ഡി. അനിൽകുമാർ, ഗോവിന്ദ് ജി.നായർ, ലക്ഷ്മി ലേഖകുമാർ, കുഞ്ഞുകോശി പോൾ, ഡോ.ജോസ് പാറക്കടവിൽ, കെ.ഇ.അബ്ദുൾ റഹ്മാൻ, കെ.ആർ. പ്രതാപചന്ദ്രവർമ്മ തുടങ്ങിയവർ പ്രസംഗിച്ചു.
മലയാളത്തനിമയുള്ള ഗൃഹോപകരണങ്ങളും കാർഷികായുധങ്ങളും ഉൾപ്പെടെ വിപുലമായ ശേഖരമാണ് വിപണനത്തിനായി എത്തിയിരിക്കുന്നത്. മണ്ണിലും ലോഹത്തിലും മരത്തിലും തീർത്ത പാത്രങ്ങളും വിവിധതരം അടുക്കള ഉപകരണങ്ങൾക്കും പുറമേ മുറം, പനമ്പ്, തുടങ്ങിയവയും വിൽപ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്. തെള്ളിയൂർക്കാവിന്റെ പ്രത്യേകതയായ ഉണക്ക സ്രാവുകൾക്കും ആവശ്യക്കാർ ഏറെയാണ്.