പത്തനംതിട്ട:ആവേശോജ്ജ്വലമായ പ്രകടനത്തോടെ സിഐടിയു പത്തനംതിട്ട ജില്ലാ സമ്മേളനം സമാപിച്ചു. സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ഒരു സ്ഥാപനവും പൂട്ടാതിരിക്കാൻ സംസ്ഥാന സർക്കാർ എല്ലാ കരുതലും സ്വീകരിക്കുമ്പോൾ കേന്ദ്രം എല്ലാം വിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഒന്നേകാൽ ലക്ഷം പുതിയ തൊഴിലവസരങ്ങൾ സർക്കാർ സൃഷ്ടിച്ചപ്പോൾ ഉള്ള തൊഴിൽ കളയുകയാണ് കേന്ദ്ര സർക്കാർ. പാവങ്ങളെ പറ്റിക്കുന്ന പ്രസംഗം നടത്തുകയാണ് നരേന്ദ്രമോദി. കേരളത്തിൽ മുഴുവൻ മേഖലയിലും വൻ കുതിച്ചു കയറ്റമുണ്ടായി. കേരളത്തിലൂടെ ഇന്ത്യ അറിയപ്പെടുന്ന നിലയായി എന്നത് അഭിമാനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ സി രാജഗോപാലൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ജെ അജയകുമാർ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജെ തോമസ്, സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനന്തഗോപൻ, അഡ്വ. ആർ സനൽകുമാർ, എസ് ഹരിദാസ്, മലയാലപ്പുഴ മോഹനൻ, ആർ ശിവദാസൻ, എം വി സൻജു, എം പി പ്രഭാവതി, സതി വിജയൻ എന്നിവർ പങ്കെടുത്തു. മലയാലപ്പുഴ മോഹനൻ നന്ദി പറഞ്ഞു.
പ്രതിനിധി സമ്മേളനത്തിൽ കെ ജെ തോമസ്, എൻ പത്മലോചനൻ, നെടുവത്തൂർ സുന്ദരേശൻ എന്നിവർ സംസാരിച്ചു.