bridge
കൈപ്പുഴമഠം പാലം

തിരുവല്ല: നഗരസഭയിലെ കൈപ്പുഴമഠം പാലം യാത്രക്കാർക്ക് അപകടഭീഷണി ഉയർത്തുന്നു. നഗരസഭയുടെ 27 ശ്രീവല്ലഭ വാർഡിലാണ് യാത്രക്കാർക്കും നാട്ടുകാർക്കും ഭീതിയിലായ കൈപ്പുഴമഠം പാലം. മുല്ലേലി തോടിനു കുറുകെ നിർമ്മിച്ചിട്ടുള്ള ഇടുങ്ങിയ പാലത്തിൽ ഒരു കാറിനു കഷ്ടിച്ച് കടന്നുപോകാൻ മാത്രമുള്ള വീതിയേയുള്ളൂ. പാലത്തിന്റെ ഇരുവശങ്ങളിലെയും കൈവരികൾ പഴകി ദ്രവിച്ചു അടർന്നു വീഴുകയാണ്. കൈവരിയുടെ തൂണുകൾ പലതും കഴിഞ്ഞ വെള്ളപ്പൊക്കകാലത്ത് ഇടിഞ്ഞുപോയി.ആർ.ഡി.ഒ ക്വർട്ടേഴ്‌സിന് എതിർവശത്തുനിന്നും ആരംഭിക്കുന്ന റോഡിന്റെ തുടക്കഭാഗത്താണ് പാലം സ്ഥിതി ചെയ്യുന്നത്. ശ്രീവല്ലഭ ക്ഷേത്രത്തിനു സമീപം എത്തിച്ചേരുന്ന ഈവഴി കൂടുതൽ യാത്രക്കാർക്ക് ഉപയോഗപ്രദമാണ്. കാവുംഭാഗം -ശ്രീവല്ലഭ- മാർക്കറ്റ് ജംഗ്‌ഷൻ റോഡിലും തിരുവല്ല-മാവേലിക്കര റോഡിലുമൊക്കെ ഗതാഗതകുരുക്ക് ഉണ്ടാകുമ്പോഴും യാത്രക്കാർ ആശ്രയിക്കുന്ന വഴിയാണിത്. പ്രാധാന്യമുള്ള ഈ വഴിയിലെ തകർച്ചയിലായ കൈപ്പുഴമഠം പാലം വീതികൂട്ടി പുതുക്കി പണിയണമെന്ന് ആവശ്യം ശക്തമാണ്. ഏറെക്കാലവുമായി പാലം പുനർനിർമ്മിക്കുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും നടപടിയില്ല.

നഗരസഭയുടെ കഴിഞ്ഞ ബഡ്ജറ്റിൽ ഈ പാലത്തിന്റെ നിർമ്മാണം ഉൾപ്പെടുത്തിയിട്ടുണ്ട്. 25 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി പുതിയ പാലം വീതികൂട്ടി നിർമ്മിക്കാനാണ് പദ്ധതി. ഇതിനായി ടോക്കൺ തുകയും വകയിരുത്തിയിട്ടുണ്ട്. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

രാധാകൃഷ്ണൻ വേണാട്ട്
(വാർഡ് കൗൺസിലർ)

-നഗരസഭയുടെ 27-ാം വാർഡിൽപ്പെടുന്ന പാലം

-കൈവരികൾ ദ്രവിച്ചു

- തൂണുകൾ വെള്ളപ്പൊക്കത്തിൽ നശിച്ചു

- പുനർ നിർമ്മിക്കണമെന്ന് ഏറെ നാളത്തെ ആവശ്യം