sabarimala-

​​പത്തനംതിട്ട: ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ചുവടുമാറ്റം സ്വാഗതാർഹമെന്ന് ശബരിമല അയ്യപ്പ സേവാസമാജം ദേശീയ ജനറൽ സെക്രട്ടറി ഈറോഡ് രാജൻ പത്രസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ, അയ്യപ്പഭക്തർക്ക് സൗകര്യം ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ആചാരാനുഷ്ഠാനങ്ങളിൽ മാറ്റം ആവശ്യമാണെങ്കിൽ വിശ്വാസി സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ആചാര്യശ്രേഷ്ഠൻമാരുമായി ആലോചിക്കണം.

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഉചിതമായ നിലപാടെടുത്ത സംസ്ഥാന സർക്കാർ കഴിഞ്ഞ തീർത്ഥാടനക്കാലത്ത് ആയിരക്കണക്കിന് അയ്യപ്പവിശ്വാസികളുടെ മേൽ ചുമത്തിയ കേസുകൾ പിൻവലിക്കണം. തീർത്ഥാടനം തുടങ്ങിയിട്ടും സന്നിധാനത്ത് ഒരുക്കങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. പത്തനംതിട്ടയിൽ നിന്ന് പമ്പയ്ക്ക് 73 രൂപയാണ് ബസ് നിരക്ക്. ചില ബസുകളിൽ 130 വരെ വാങ്ങുന്നു. എക്‌സ്പ്രസ് ബസ് ആണെന്നാണ് അധികൃതരുടെ വിശദീകരണം.

മാളികപ്പുറത്തും സന്നിധാനത്ത് ചില സ്ഥലങ്ങളിലും പൊലീസ് അയ്യപ്പന്മാർ ചെരുപ്പും ബൂട്ടും ഉപയോഗിക്കുന്നു. ഇത് ഒഴിവാക്കി സന്നിധാനത്തിന്റെ പവിത്രത കാക്കണം. പരമ്പരാഗത കാനനപാതയിൽ എരുമേലിയിൽ നിന്ന് നടന്നുവരുന്ന അയ്യപ്പഭക്തന്മാർക്ക് ദേവസ്വം ബോർഡ് കരിമലമുകളിൽ പ്രത്യേക പാസ് കൊടുക്കുകയും അവരെ മരക്കൂട്ടത്തിൽ നിന്നും ചന്ദ്രാനന്ദൻ റോഡുവഴി നടപ്പന്തലിലേക്ക് പ്രവേശിക്കാൻ അനുദിക്കണം. സമാജത്തിന്റെ നേതൃത്വത്തിൽ കേരളത്തിൽ 79 അയ്യപ്പ സേവാകേന്ദ്രങ്ങൾ ആരംഭിച്ചു. അടുത്ത വർഷം 125 കേന്ദ്രങ്ങളായി വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.


സമാജം സംസ്ഥാന അദ്ധ്യക്ഷൻ അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട്, സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. അരവിന്ദാക്ഷൻ, സംസ്ഥാന ജോയിന്റ് ജനറൽ സെക്രട്ടറി അമ്പോറ്റി കോഴഞ്ചേരി, ജില്ലാ പ്രസിഡന്റ് ഇലന്തൂർ ഹരിദാസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.