കോന്നി : കനത്ത മഴയിൽ മണ്ണിടിച്ചിലുണ്ടായ കോന്നി പൊന്തനാംകുഴിയിലെ താമസക്കാരുടെ ദുരിതം തീരുന്നില്ല. കഴിഞ്ഞ മാസം 23നുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഇവരെ അംഗൻവാടിയിലേക്ക് മാറ്റിയിരുന്നു. പക്ഷേ അംഗൻവാടി ഒഴിയണമെന്നാണ് സാമുഹ്യനീതി വകുപ്പിന്റെ നിലപാട്

ആദ്യം ഇവരെ സ്വകാര്യ കോളേജിലാണ് രണ്ട് ദിവസം താമസിപ്പിച്ചത്. പിന്നീട്

കോന്നി ഗവ. എച്ച്.എസ്.എസിലേക്ക് മാ​റ്റി. ഒരാഴ്ച കഴിഞ്ഞപ്പോൾ പേരൂർക്കുളം സ്‌കൂളിലേക്ക് മാറാൻ എ.ഡി.എം നിർദ്ദേശിച്ചു. എന്നാൽ ഇവിടെ താമസിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചതോടെ 41ാം നമ്പർ അംഗൻവാടിയിലേക്ക് മാറ്റി. അംഗൻവാടിയുടെ മു​റ്റത്ത് ഷെഡ് പണിതാണ് താമസിക്കുന്നത്. പലരും രാത്രിയിൽ സ്വന്തം വീടുകളിലേക്ക് മടങ്ങും. കുറച്ച് പേർ ഷെഡിൽ കഴിയും .

----------------

അംഗൻവാടിയിൽ പറ്റില്ല : സാമുഹ്യനീതി വകുപ്പ്

ദുരിതബാധിതരെ അംഗൻവാടിയിലേക്ക് മാറ്റുന്നത് സംബന്ധിച്ച് യാതൊരു നി‌ർദ്ദേശവും ലഭിച്ചിട്ടില്ലെന്ന്

സാമൂഹ്യനീതി വകുപ്പ് അധികൃതർ പറഞ്ഞു. ആളുകൾ താമസിക്കുന്നത് അംഗൻവാടിയുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. പോഷകവസ്തുക്കളും ഭക്ഷ്യധാന്യങ്ങളുമൊക്കെ അംഗൻവാടിയിൽ സൂക്ഷിക്കേണ്ടതുണ്ട്. ഷെഡ് നിർമ്മിച്ച് ഇവിടെയുള്ള താമസവും താത്കാലിക വിസർജനകേന്ദ്രവും അനുവദനീയമല്ല.

--------------------------

നാട്ടുകാരുടെ പരാതി


അംഗൻവാടിയിലെ താമസം മൂലം സമീപവാസികൾക്ക് ബുദ്ധിമുട്ടുണ്ട്. അഞ്ച് കുടുംബങ്ങളോട് മാത്രമാണ് അംഗൻവാടിയിലേക്ക് മാറാൻ ആധികൃതർ പറഞ്ഞത്. പക്ഷേ 28 കുടുംബങ്ങളും ഇവിടെയാണ് താമസിക്കുന്നത്. സ്ഥിരമായി ആരുമില്ലെങ്കിലും ഇവരുടെ താവളമായി ഇവിടം. ജില്ലാ ഭരണകൂടം അടിയന്തര പരിഹാരം കാണണം.

പൊന്തനാംകുഴിയിൽ സംഭവിച്ചത്

കഴിഞ്ഞ മാസം 23ന് കനത്ത മഴയെ തുടർന്ന് കോളനിയിലെ ഉയർന്ന ഭാഗത്ത് മണ്ണ് ഇടിഞ്ഞ് താഴേക്ക് പതിച്ചു. മലഞ്ചരുവിലെ ഈ ഭാഗത്ത് മാത്രം 20 കുടുംബങ്ങളാണുള്ളത്. മണ്ണിടിച്ചിൽ ഉണ്ടായതിന്റെ അടിവാരത്തും അഞ്ചു വീടുകളുണ്ട്. അപകടത്തേ തുടർന്ന് ജില്ലാ കളക്ടറും ജില്ലാ പൊലീസ് സൂപ്രണ്ടും ഉൾപ്പെടെ ഇവിടം. സന്ദർശിച്ചിരുന്നു. ജിയോളജി വകുപ്പ് നടത്തിയ പരിശോധനയിൽ ഇവിടം താമസയോഗ്യമല്ലെന്ന് വിലയിരുത്തി. ഇതോടെയാണ് ആളുകളെ മാറ്റിത്താമസിപ്പിച്ചത്.