st

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി നഗരത്തിൽ നടത്തിയ റോഡ് ടാറിംഗ് യാത്രക്കാർക്ക് കെണിയാകുന്നു. പലയിടത്തും റോഡ് വശങ്ങളിലെ കുഴികൾ നികത്താതെയാണ് ടാർ ചെയ്തത്. ബസ് സ്റ്റോപ്പുകളിലും റിംഗ് റോഡിലും പുതിയതായി ടാർ ചെയ്ത ഭാഗത്തെ വശങ്ങളിൽ രണ്ടടിയോളം താഴ്ചയിൽ കുഴികളുണ്ട്. സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ കഴിഞ്ഞ മാസം പൈപ്പ് പൊട്ടിയ ഭാഗത്തെ ടാറിംഗ് ഒലിച്ചുപോയി കുഴി രൂപപ്പെട്ടിരുന്നു. ഇൗ ഭാഗത്ത് മൂന്ന് മീറ്ററോളം നീളത്തിൽ കുഴിയുണ്ട്. ഇൗ ഭാഗം ഒഴിവാക്കിയാണ് കഴിഞ്ഞ ദിവസം ടാർ ചെയ്തത്.ബസ് സ്റ്റോപ്പായ ഇവിടെ ബസുകൾ നിറുത്തുന്നത് കുഴിയോട് ചേർന്ന ഭാഗത്താണ്. ബസിൽ നിന്നിറങ്ങുന്ന യാത്രക്കാർ കുഴികളിലേക്കാണ് വീഴുന്നത്. കഴിഞ്ഞ ദിവസം ഒരു യാത്രക്കാരി ബസിൽ നിന്നിറങ്ങി കുഴിയിൽ വീണു. എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുന്ന സ്കൂട്ടർ യാത്രക്കാരും കുഴിയിൽ വീഴാൻ സാദ്ധ്യതയേറെയാണ്. റിംഗ് റോഡിൽ പാരിഷ് ഹാൾ ഭാഗത്തും ഇതേ നിലയിൽ ടാറിംഗിന്റെ വശങ്ങളിൽ കുഴിയുണ്ട്. നടപ്പാതയോട് ചേർന്ന് ചരിവില്ലാതെയാണ് ടാറിംഗ് നടത്തിയിരിക്കുന്നത്.

നഗരത്തിലെ ടാറിംഗ് പൂർത്തിയായാൽ വശങ്ങളിൽ മണ്ണിട്ട് നിരപ്പാക്കും. ടാറിംഗ് രണ്ടു ദിവസത്തിനുളളിൽ പൂർണമാകും.

(പൊതുമരാമത്ത് അധികൃതർ)

-2 അടിയോളം താഴ്ചയിൽ കുഴികൾ

- ബസുകൾ നിറുത്തുന്നത് കുഴിയോട് ചേർന്ന്

- യാത്രക്കാർ കുഴിയിൽ വീഴാൻ സാദ്ധ്യത ഏറെ

- ഇരു ചക്രവാഹന യാത്രക്കാരും അപകട ഭീഷണിയിൽ