പന്തളം: വിദ്യാലയ പരിസരത്തെ മനുഷ്യവിഭവ ശേഷിയെ പഠനമികവിന് ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി വിദ്യാലയം പ്രതിഭകൾക്കൊപ്പം എന്ന പരിപാടി കുളനടമാന്തുക ഗവ.യു.പി സ്‌കൂളിൽ സംഘടിപ്പിച്ചു. സ്‌കൂളിന്റെ പൂർവ വിദ്യാർത്ഥിയും സാഹിത്യകാരനുമായ ബെന്യാമിനെയാണ് കുട്ടികൾ സന്ദർശിച്ചത്. കുട്ടികളെ ഹാർദ്ദവമായി സ്വീകരിച്ച് അവരോടൊപ്പം അനുഭവങ്ങൾ പങ്കുവയ്ക്കുവാൻ കഥാകാരൻ തയാറായി. അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങൾ കഥാരചനയ്ക്ക് എങ്ങനെ കാരണമായി എന്നും ഒരു കഥ ജനിക്കുന്നതെങ്ങനെയെന്നും സരസമായി പ്രതിപാദിച്ചു. അദ്ദേഹത്തിന്റെ പ്രവാസ ജീവിതാനുഭവങ്ങളും അത് ആടുജീവിതം എന്ന കൃതിയുടെ രചനയ്ക്ക് എങ്ങനെ കാരണമായെന്നും പ്രതിപാദിച്ചു. അദ്ദേഹം നടത്തിയിട്ടുള്ള രചനകളുടെ എല്ലാം പശ്ചാത്തലവും കഥാസംഗ്രഹവും കുട്ടികളോട് പറഞ്ഞു. തുടർന്ന് കുട്ടികളുടെ ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചു.സ്‌കൂളിലെ പൂർവ വിദ്യാർത്ഥി എന്ന നിലയിൽ സ്‌കൂളിലെ അനുഭവങ്ങളും പങ്കുവച്ചു.കുട്ടികൾ പൂക്കൾ നൽകി അദ്ദേഹത്തെ സ്വീകരിക്കുകയും പുസ്തകം ഉപഹാരമായി നൽകുകയും ചെയ്തു. പ്രതിഭാ സംഗമത്തിന് ആറന്മുള എ.ഇ.ഒ രാധാകൃഷ്ണൻ ടി.പി.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോർഡിനേറ്റർ രാജേഷ് എസ്.വള്ളിക്കോട്, പി.ടി.എ പ്രസിഡന്റ് അനിൽ വി., പ്രഥമാദ്ധ്യാപകൻ.സുദർശനൻ പിള്ള,എന്നിവർ നേതൃത്വം നൽകി.വിവിധ ക്ലാസിലെ കുട്ടികളോടൊപ്പം പി.ടി.എഎക്‌സീക്യൂട്ടീവ് അംഗം പ്രശാന്ത് എൻ., അദ്ധ്യാപകരായ. രാജി മോൾ,ശുഭാകുമാരി,ബിജു എന്നിവർ അനുഗമിച്ചു.