kuzhi
ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ അറ്റകുറ്റപ്പണിക്കായി മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടുറോഡ് കുഴിച്ച നിലയിൽ

പത്തനംതിട്ട: പൈപ്പ് പൊട്ടലിന്റെയും റോഡ് മിനുക്കലിന്റെയും പേരിൽ നഗരവാസികൾക്ക് ദുരിതമേറുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിലുണ്ടായ പൈപ്പ് പൊട്ടൽ ജനജീവിതത്തെ ബാധിച്ചു.സെന്റർ ജംഗ്ഷനിലെ റോഡിൽ ഇന്റർലോക്ക് കട്ട പാകുന്ന പൊതുമരാമത്ത് ജോലി പകുതി പിന്നിട്ടപ്പോഴാണ് ഇനിയുളള ഭാഗത്തെ പൈപ്പ് പൊട്ടിയത്. ഇതോടെ റോഡ് പണി മുടങ്ങി. ഒരാഴ്ചയായി നഗരത്തിൽ കുടിവെളളവും സഞ്ചരിക്കാൻ റോഡുമില്ലാത്ത സ്ഥിതിയാണ്. ജല അതോറിറ്റി പൈപ്പ്ലൈനിലെ അറ്റകുറ്റപ്പണി പൂർത്തിയാകാൻ നാല് ദിവസം വേണ്ടിവരും.

ജലവിതരണം തടസപ്പെടാൻ കാരണം

കല്ലറക്കടവിൽ വെളളം പമ്പ് ചെയ്യുന്ന ഭാഗത്തെ വാൽവിൽ ചെളിനിറഞ്ഞതും നഗരത്തിലൂടെയുളള 600എം.എം പൈപ്പ് ലൈനിലെ ചോർച്ചയുമാണ് ജല വിതരണം തടസപ്പെടുത്തിയത്. മുങ്ങൽ വിദഗ്ധരെയെത്തിച്ചാണ് ചെളി നീക്കിയത്. പിന്നീട് പമ്പിംഗ് തുടർന്നപ്പോഴാണ് പൈപ്പ് ലൈനിൽ ചോർച്ചയുണ്ടായത്. മിനി സിവിൽ സ്റ്റേഷൻ, പൊലീസ് ചീഫ് ഒാഫീസിന് സമീപം എന്നിവിടങ്ങളിലാണ് ചാേർച്ച. മിനി സിവിൽ സ്റ്റേഷന് മുന്നിൽ 20 മീറ്റർ നീളത്തിലാണ് കുഴിയെടുത്തിട്ടുളളത്. അറ്റകുറ്റപ്പണികൾ പൂർത്തിയായെങ്കിലും മിനി സിവിൽ സ്റ്റേഷന് മുന്നിലെ കുഴിയടച്ചില്ല. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെളളം എത്തിയിട്ടുണ്ടെങ്കിലും പൂവൻപാറ പോലുളള ഉയർന്ന സ്ഥലങ്ങളിൽ വെളളം എത്താൻ നാല് ദിവസം കൂടി വേണ്ടിവരുമെന്നാണ് ജല അതോറിറ്റി അധികൃതർ പറയുന്നത്. പൈപ്പ് ലൈൻ തകരാർ പരിഹരിച്ച ശേഷം രണ്ട് ദിവസം ശക്തികുറച്ചാണ് വെളളം വിടുന്നത്. ഒഴുക്കിന്റെ ശക്തി കൂട്ടുമ്പോൾ എവിടെയെങ്കിലും ചോർച്ചയുണ്ടോയെന്നറിയാൻ രണ്ട് ദിവസം വേണം.

കുഴിയടച്ചില്ല; ഇന്റർലോക്ക് പണി മുടങ്ങി

മിനി സിവിൽ സ്റ്റേഷന് മുന്നിൽ പൈപ്പ് ലൈൻ ശരിയാക്കാനായി എടുത്ത നടുറോഡിൽ കുഴിച്ചത് അടച്ചിട്ടില്ല. ഇതുകാരണം റോഡിൽ ഇന്റർലോക്ക് കട്ട പാകുന്ന പൊതുമരാമത്തിന്റെ ജോലികൾ മുടങ്ങി. ഇതുവഴി വാഹന ഗതാഗതം നിരോധിച്ചിട്ട് ഒരാഴ്ചയായി. കട്ട പാകുന്നതിനു മുന്നോടിയായി ഇൗ ഭാഗത്ത് പാറമക്കിട്ട് നിരപ്പാക്കിയതാണ്. ഇവിടെയാണ് പൈപ്പ് പൊട്ടിയത്. നന്നാക്കാനായി നടുറോഡ് വീണ്ടും കുത്തിപ്പൊളിച്ചു. കുഴി ഇന്ന് മൂടിയേക്കും. മണ്ണ് ഉറയ്ക്കാൻ രണ്ട് ദിവസം വേണ്ടിവരും.അതുകഴിഞ്ഞേ ഇന്റർലോക്ക് കട്ട ഇടുകയുളളൂ. അബാൻ, കെ.എസ്.ആർ.ടി.സി റോഡ്, ഗാന്ധി സ്ക്വയർ എന്നിവിടങ്ങളിൽ നിന്ന് മിനി സിവിൽ സ്റ്റേഷനിലേക്കുളള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. മിനി സിവിൽ സ്റ്റേഷനിലും കോടതികളിലും എത്തേണ്ടവർ ബുദ്ധിമുട്ടുന്നു.വ്യാപാര സ്ഥാപനങ്ങളിൽ കച്ചവടം നടക്കുന്നില്ല. ഇന്റർലോക്ക് കട്ട പാകി ഗതാഗതം പഴയ നിലയിൽ പുന:സ്ഥാപിക്കാൻ ഇനിയും അഞ്ചു ദിവസം വേണ്ടിവരും. ജനറൽ ആശുപത്രി ഭാഗത്ത് നിന്ന് ഗാന്ധി സ്ക്വയറിന്റെ പിറകിലൂടെ കോളേജ് റോഡിലേക്ക് ചെറു വാഹനങ്ങൾ കടത്തി വിടുന്നുണ്ട്.കെ.എസ്.ആർ.ടി. സി ബസുകൾ സെന്റർ ജംഗ്ഷനിൽ എത്തുന്നതിനു മുൻപായി പഴയ സ്വകാര്യ ബസ് സ്റ്റാൻഡ് വഴി തിരിഞ്ഞുപോകണം.

പൈപ്പ് അറ്റകുറ്റപ്പണി പൂർത്തിയായി ജല വിതരണം തുടങ്ങിയിട്ടുണ്ട്. മിനി സിവിൽ സ്റ്റേഷനിലെ കുഴി ഉടൻ അടയ്ക്കും. രണ്ടു ദിവസം കഴിഞ്ഞാൽ ഉയർന്ന സ്ഥലങ്ങളിൽ വെളളമെത്തും.

(ജല അതോറിറ്റി അധികൃതർ)

'' പൈപ്പിന്റെ കുഴിയടച്ചാൽ ഇന്റർലോക്ക് പാകൽ പുനരാരംഭിക്കും.

പൊതുമരാമത്ത് അധികൃതർ.

-ഉയർന്ന പ്രദേശങ്ങളിൽ വെള്ളമെത്താൻ ഇനി 4 ദിവസം