water
തിരുവല്ല വൈ.എം.സി.എയ്ക്ക് സമീപത്തെ പൈപ്പുകുളം

തിരുവല്ല: നഗരത്തിൽ വേനൽക്കാലത്തും സമൃദ്ധമായി തെളിനീരുറവ ലഭിക്കുന്ന പൈപ്പുകുളം സംരക്ഷിക്കാൻ അധികൃതർ ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു. തിരുവല്ല നഗരത്തിൽ വൈ.എം.സി.എയ്ക്ക് സമീപത്തെ ശുദ്ധജല സ്രോതസായ പൈപ്പുകുളം മാലിന്യവാഹിനിയായി. കെ.എസ്.ടി.പി റോഡിലെ ചെളിവെള്ളം ഒഴുകിയെത്തിയാണ് പൈപ്പുകുളത്തിലെ വെള്ളം മലിനമാക്കുന്നത്.നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ളവർ ഇവിടെ നിന്നും വിവിധ ആവശ്യങ്ങൾക്കായി വെള്ളം ശേഖരിച്ചു ഉപയോഗിക്കുന്നുണ്ട്. പൈപ്പുകുളം അടുത്തകാലത്ത് ലക്ഷങ്ങൾ ചെലവഴിച്ചു നഗരസഭാ നവീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി കുളത്തിലെ വെള്ളം പലതവണ മോട്ടോർ ഉപയോഗിച്ച് വറ്റിച്ചശേഷം ശുചീകരിച്ചു. കുളത്തിനു ചുറ്റുപാടും മതിൽകെട്ടി സംരക്ഷിക്കുകയും മുകളിൽ വലയും കെട്ടി സൂക്ഷിച്ചിരിക്കുകയാണ്. ഇതിനിടെ കെ.എസ്.ടി.പി ബൈപ്പാസ് നിർമ്മാണത്തിന്റെ ഭാഗമായി കുളത്തിനു മുകളിൽ മേൽപ്പാലം നിർമ്മിച്ചു. ഇതിനു സമീപത്തുകൂടി മുകളിലേക്കുള്ള വഴിയും ഒരുക്കി. ഇതിന്റെ നിർമ്മാണം നടക്കുമ്പോൾ മഴക്കാലത്ത് റോഡിൽ നിന്നുള്ള മലിനജലം ഒഴുകിപോകുവാൻ പൈപ്പ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി നഗരസഭാ അധികൃതർ പറഞ്ഞു.

കെ.എസ്.ടി.പി ചെയ്തത്

എന്നാൽ നിർമ്മാണം പൂർത്തീകരിച്ചപ്പോൾ മലിനജലം ഒഴുകിപോകുവാനുള്ള ഭാഗത്ത് പൈപ്പ് സ്ഥാപിക്കാതെ ഒരു സുഷിരമിടുക മാത്രമാണ് കെ.എസ്.ടി.പി ചെയ്തത്. ഇതുകാരണം മഴയത്ത് മലിനജലമെല്ലാം ഒഴുകി കുളത്തിലിറങ്ങും. മാത്രമല്ല സമീപത്തെ റോഡിന്റെ ചരിവിലൂടെ മഴവെള്ളവും ഈ കുളത്തിലേക്ക് ഒഴുകിയെത്തുന്നു. ഇതോടെ വെള്ളത്തിന്റെ നിറംമാറി മലിനമാകും. ഈ പൈപ്പുകുളത്തിലെ ശുദ്ധജലം കുടുംബശ്രീയുടെ നേതൃത്വത്തിൽ ശേഖരിച്ചു ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുവാനും ലക്ഷ്യമിട്ടാണ് ലക്ഷങ്ങൾ ചെലവഴിച്ചു നഗരസഭാ അധികൃതർ കുളം നവീകരിച്ചത്. എന്നാലിപ്പോൾ ചെളിവെള്ളം നിറഞ്ഞു കുളമാകെ മലിനമായിരിക്കുകയാണ്.


നഗരസഭയുടെ ലക്ഷങ്ങൾ മുടക്കി നവീകരിച്ച പൈപ്പുകുളം മലിനജലം വീഴാതെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതികളും നിവേദനങ്ങളും നൽകിയെങ്കിലും നടപടിയില്ല. അടിയന്തരമായി ഈപ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ ഈ നീരുറവ മാലിന്യക്കുളമായി മാറും


റീനാ മാത്യു ചാലക്കുഴി
(നഗരസഭാ 13-ാം വാർഡ് കൗൺസിലർ)