മല്ലപ്പള്ളി : വിദ്യാർത്ഥികൾ വീരചക്രജേതാവിനെ തൊട്ടറിഞ്ഞു. വിദ്യാലയം പ്രതിഭകളിലേക്ക് എന്ന പരിപാടിയോടനുബന്ധിച്ച് നെടുങ്ങാടപ്പള്ളി സെന്റ് ഫിലോമിനാസ് യു.പി. സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും വീരചക്ര ജേതാവ് കെ.ജി. ജോർജ്ജിനെ ഇന്നലെ വീട്ടിലെത്തി ആദരിച്ചത്. വിദ്യാഭ്യാസ മികവിന് പ്രതിഭകളെ ആദരിക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നെടുങ്ങാടപ്പള്ളി ശാന്തിപുരം കോഴികുന്നത്ത് വീട്ടിലെത്തിയാണ് വിമുക്തഭടനും രണ്ടാം ലോകമഹായുദ്ധകാലത്ത് രാജ്യത്തെ സംരക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച കെ.ജി. ജോർജ്ജിനെ പൊന്നാട അണിയിച്ചും പൂച്ചെണ്ട് നൽകിയും ആദരിച്ചത്. ഇന്ത്യോ - പാക് യുദ്ധകാലത്ത് ബോംബാക്രമണത്തെ തുടർന്ന് നഷ്ടപ്പെട്ട വാർത്ത വിനിമയ സംവിധാനം പാക്ക് അതിർത്തി കടന്ന് കൂട്ടിച്ചേർത്ത് ഇന്ത്യയെ രക്ഷിച്ചതിന് അന്നത്തെ രാഷ്ട്രപതി ഡോ.എസ്.രാധാകൃഷ്ണനാണ് 1965-ൽ വീരചക്ര പുരസ്‌കാരം നൽകിയത്. വിവിധ മേഖലകളിൽ വൃക്തിമുദ്ര പതിപ്പിച്ച വൃക്തികളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതോടുകൂടി പൊതുസമൂഹത്തിൽ നേതൃത്വപരമായ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. നാട്ടുകാരുടെ ജവാൻ ബേബിച്ചായൻ ഓർമ്മകൾക്ക് മങ്ങലേൽക്കാതെ വിവരിച്ചതോടെ കൂടെയുണ്ടായിരുന്ന ഏവർക്കും വേറിട്ട അനുഭവമായി. സ്‌കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ ജാൻസി കെ.സി.,ജോമോൻ എം.സി., സിസ്റ്റർ മെറിൻ,റീനി ജോസഫ്,ടോജോമോൻ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.