റാന്നി: ഹയർസെക്കൻഡറി വിഭാഗത്തിൽ 'ഈ കാലം എന്റെ വിശ്വാസം' വിഷയത്തിലെ കാർട്ടൂൺ രചനകളേറെയും വിശ്വാസത്തിലധിഷ്ഠിതമായപ്പോൾ മുഴച്ച് നിന്ന് ശബരിമല യുവതീ പ്രവേശം. എന്നാൽ ആനുകാലിക സംഭവങ്ങളെ കോർത്തിണക്കി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നയങ്ങൾ, കൂട്ടത്തായി കൊലപാതകം, വിശ്വാസ പ്രശ്നങ്ങൾ എന്നിവയടക്കം ആനുകാലിക സംഭവങ്ങളെ കോർത്ത് അവതരിപ്പിച്ച യദു കൃഷ്ണന് ഒന്നാം സ്ഥാനം ലഭിച്ചു. അങ്ങാടിക്കൽ എസ്.എൻ.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിയാണ് യദു കൃഷ്ണൻ. പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത്ഷാ, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവരെല്ലാം യദുവിന്റെ കാർട്ടൂണിൽ കഥാപാത്രങ്ങളായി.
ഹൈസ്‌കൂൾ വിഭാഗത്തിൽ പണം കൊടുത്താൽ ശുദ്ധവായു കിട്ടും എന്നതായിരുന്നു വിഷയം. പുല്ലാട് എസ്.വി.എച്ച്.എസ്.എസിലെ ശാലിൻ സാബുവിനാണ് ഒന്നാം സ്ഥാനം. ശുദ്ധവായു ലഭ്യമല്ലാത്തതിനാൽ സ്‌കൂളിന് അവധി നൽകുന്നതും ഓക്‌സിജൻ വില്പനകേന്ദ്രം ആരംഭിക്കുന്നതുമെല്ലാം കാർട്ടൂണിൽ ശാലിൻ വിഷയമാക്കി. പ്ലാസ്റ്റിക് മലിനീകരണം, ഫാക്ടറി മലിനീകരണം തുടങ്ങിയ വരകളിലൂടെയാണ് കാർട്ടൂണുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടത്.