കൊച്ചി: നഗരമദ്ധ്യത്തിൽ സ്വകാര്യ ബസ് ദേഹത്തുകൂടി കയറിയിറങ്ങി കാൽനടയാത്രികനായ വൃദ്ധന് ദാരുണാന്ത്യം. പത്തനംതിട്ട കല്ലൂപ്പറ കാലായി വീട്ടിൽ കെ.ജെ. മത്തായിയാണ് (82) മരിച്ചത്. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ എറണാകുളം ഗേൾസ് ഹൈസ്കൂളിന് സമീപത്ത് വച്ചായിരുന്നു അപകടം. മത്തായി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. സ്വകാര്യബസിന്റെ പിൻചക്രങ്ങൾ ദേഹത്തുകൂടി കയറി ഇറങ്ങി. നാട്ടുകാർ ചേർന്ന് ഉടൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.