ammathottil
പത്തനംതിട്ടയിലെ അമ്മത്തൊട്ടിൽ കാട് കയറിയ നിലയിൽ

പത്തനംതിട്ട: ജനറൽ ആശുപത്രിയുടെ പിന്നിൽ ജില്ലാ ശിശു ക്ഷേമസമിതിയുടെ നിയന്ത്രണത്തിലുളള അമ്മത്തൊട്ടിൽ പുതുക്കിപ്പണിയും. നിലവിലെ അമ്മത്തൊട്ടിൽ സാങ്കേതിക തകരാറുകൾ കാരണം പ്രവർത്തനമില്ല.അവിടെത്തന്നെ പുതിയ കെട്ടിടം പണിത് ആധുനിക സംവിധാനങ്ങളോടെയാകും അമ്മത്തൊട്ടിൽ ഇനി പ്രവർത്തിക്കുക. സംസ്ഥാനത്തൊട്ടാകെയുളള അമ്മത്തൊട്ടിലുകൾ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് പത്തനംതിട്ടയിലേത് പുതുക്കിപ്പണിയുന്നത്. വീണാജോർജ് എം.എൽ.എയുടെ മണ്ഡലം വികസന ഫണ്ടിൽ നിന്ന് 13ലക്ഷം രൂപ വിനിയോഗിച്ചാണ് പത്തനംതിട്ടയിലെ അമ്മത്തൊട്ടിൽ പുതുക്കുന്നത്.പദ്ധതിക്ക് ഇനി സാങ്കേതിക അനുമതി ലഭിച്ച് കരാറിലേക്ക് കടക്കേണ്ടതുണ്ട്.കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിനാണ് നിർമ്മാണച്ചുമതല.രണ്ട് മാസത്തിനുളളിൽ നിർമ്മാണം പൂർത്തിയാക്കും.

പുതിയ സംവിധാനങ്ങൾ

> മനുഷ്യശരീരം സ്പർശിക്കുമ്പോൾ മാത്രം സെൻസർ പ്രവർത്തിച്ച് മുന്നിലെ വാതിൽ തുറക്കും.

> കുട്ടിയെ താെട്ടിലിൽ വയ്ക്കുന്നതിന് മുൻപ് ഒരു മിനിട്ട് കൗൺസലിംഗ് (റെക്കോർഡ് ചെയ്തത് - കുട്ടിയെ ഉപേക്ഷിക്കാൻ പാടുളളതല്ല, മാതൃത്വം കുട്ടിയുടെ ജൻമാവകാശമാണ് എന്നിങ്ങനെ).

> കുട്ടിയെ തൊട്ടിലിൽ വയ്ക്കുമ്പോൾ സെൻസർ വഴി ഫോട്ടോയെടുക്കും.

> ശിശുക്ഷേമ സമിതിയുടെ ആപ്പിലേക്ക് ഫോട്ടോ ആട്ടോമാറ്റിക്കായി അപ് ലോഡ് ചെയ്യും.

> കുട്ടി ആണോ, പെണ്ണോ,തൂക്കം എന്നീ വിവരങ്ങളും ആപ്പിലേക്ക്
ആപ് ലോഡാകും.

> ആശുപത്രിയിൽ നഴ്സിന്റെ മുറിയിലെ സ്ക്രീനിൽ അമ്മത്തൊട്ടിൽ എപ്പോഴും കാണാം.

> കുട്ടിയെ വച്ചിട്ട് ഇറങ്ങുമ്പോൾ നഴ്സിന്റെ മുറിയിൽ അലാറം കേൾക്കും.

> ശിശുക്ഷേമ സമിതി ചെയർമാൻ, സെക്രട്ടറി എന്നിവർക്ക് മെസേജുകൾ ലഭിക്കും.

> പിന്നിലെ വാതിൽ തുറന്ന് കുട്ടിയെ ആശുപത്രി അധികൃതർക്ക് എടുക്കാം.

> ആരോഗ്യ പരിശോധനയ്ക്ക് ശേഷം കുട്ടിയെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും.

നിലവിലെ രീതി

> വാതിൽ തളളിത്തുറന്ന് കുട്ടിയെ തൊട്ടിലിൽ വയ്ക്കും.

> ഉപേക്ഷിച്ചിറങ്ങുമ്പോൾ ആശുപത്രിയിലെ നഴ്സിന്റെ മുറിയിൽ അലാറാം കേൾക്കും.

'' സംസ്ഥാനത്തെ എല്ലാ അമ്മത്തൊട്ടിലുകളും ആധുനികവൽക്കരിക്കും. പത്തനംതിട്ടയിലെ നിർമാണം ഉടൻ തുടങ്ങും.

പൊന്നമ്മ

(ശിശുക്ഷേമ സമിതി സെക്രട്ടറി)

13ലക്ഷം ചെലവിൽ പുതിയ കെട്ടിടം

പത്തനംതിട്ടയിലെ അമ്മത്തൊട്ടിൽ

> പ്രവർത്തനം തുടങ്ങിയത് 2008ൽ

> ഇതുവരെ ലഭിച്ചത് 17കുട്ടികൾ