പത്തനംതിട്ട: പൈപ്പ് ലൈനിലെ ചോർച്ചയടക്കാൻ മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടുറോഡ് വെട്ടിക്കുഴിച്ചത് അടച്ചു. ഇന്നലെ ജെ.സി.ബി ഉപയോഗിച്ച് കുഴി മൂടിയ ശേഷം റോളർ കയറ്റി ഉറപ്പിച്ചു. ഇൗ ഭാഗത്തെ ഇന്റർ ലോക്ക് കട്ട പാകുന്ന ജോലികൾ ഇന്ന് പുനരാരംഭിക്കും. ഇതുകൂടി കഴിയുമ്പോൾ ഇന്റർലോക്ക് പാകൽ പൂർത്തിയാകും.പിന്നീട് വശങ്ങൾ കോൺക്രീറ്റ് ചെയ്യും. ഉറയ്ക്കാൻ രണ്ട് ദിവസം കൂടി അനുവദിച്ച ശേഷമേ ഇൗ ഭാഗത്തെ ഗതാഗതം പൂർണമായി തുറന്നു കൊടുക്കൂ. ഗാന്ധി സ്ക്വയറിന് സമീപത്തെ പണികൾ പൂർത്തിയായി.സെൻട്രൽ ജംഗ്ഷനിൽ നിന്ന് കോളേജ് റോഡ്,പൊലീസ് സ്റ്റേഷൻ റോഡ്,പഴയ ബസ് സ്റ്റാൻഡ് റോഡ് എന്നിവിടങ്ങളിലേക്ക് വാഹനങ്ങൾ കടത്തിവിടുന്നുണ്ട്.അബാൻ,കെ.എസ്, ആർ.ടി.സി റോഡ് എന്നിവിടങ്ങളിലേക്കുളള ഗതാഗതം മൂന്ന് ദിവസം കൂടി നിരോധിച്ചിട്ടുണ്ട്. പൈപ്പ് ലൈനിലെ തകരാർ കാരണംശുദ്ധജല വിതരണം മുടങ്ങിയിട്ട് ഒരാഴ്ചയായി.ജനറൽ ആശുപത്രിയുടെ പ്രവർത്തനത്തെയും ബാധിച്ചു. ഫയർഫോഴ്സാണ് ആശുപത്രിയിൽ വെളളം എത്തിക്കുന്നത്.ഇതിന് ഒരു ദിവസം മൂവായിരം രൂപ ചെലവാകുന്നുണ്ട്.