പത്തനംതിട്ട: കണ്ണൂരിൽ നടന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ ജില്ലയ്ക്ക് 13ാം സ്ഥാനം. രണ്ട് സ്വർണവും ഒരു വെളളിയും രണ്ട് വെങ്കലവുമടക്കം 15പോയിന്റാണ് ലഭിച്ചത്.
ജൂനിയർ ആൺകുട്ടികളുടെ ജാവലിൻ ത്രോയിൽ ഇരവിപേരൂർ സെന്റ് ജോൺസ് എച്ച്.എസ്.എസിലെ വിജയ് ബിനോയ് സ്വർണം നേടി. ഡിസ്കസ് ത്രോയിൽ വെളളിയും ഷോട്ട്പുട്ടിൽ വെങ്കലവും നേടി വിജയ് പത്തനംതിട്ടയുടെ മാനം കാത്തു.
ജൂനിയർ ആൺകുട്ടികളുടെ ഹൈജംപിൽ കോഴഞ്ചേരി സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെ ഭരത് രാജും സ്വർണം നേടി. സീനിയർ ആൺകുട്ടികളുടെ ഷോട്ട്പുട്ടിൽ ഇരവിപേരൂർ സെന്റ് ജോൺസ് എച്ച്.എസ്.എസിലെ പി.എസ് അജ്നാസ് വെങ്കലം നേടി.
ഗെയിംസ് ഇനത്തിൽ ഗുസ്തിയിൽ പത്തനംതിട്ടയിലെ താരങ്ങൾ ഒരു വെളളിയും രണ്ട് വെങ്കലവും നേടി. സീതത്തോട് കെ.ആർ.പി.എം എച്ച്.എസ്.എസിലെ കെ.ആർ. റെയ്സൺ ജൂനിയർ ആൺകുട്ടികളുടെ (63കിലോയിൽ താഴെ) വിഭാഗത്തിൽ വെളളി നേടി. ഇതേ സ്കൂളിലെ ശരത് എസ്.നായരും സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിലും (91കിലോയിൽ താഴെ) തട്ട എൻ.എസ്.എസ് എച്ച്.എസ്.എസിലെ അജയ് കൃഷ്ണനും (69 കിലോയിൽ താഴെ) വെങ്കല മെഡലുകൾ നേടി.