kuttappan
കുട്ടപ്പൻ

കടമ്പനാട് : പാദമുദ്ര എന്ന സിനിമയുടെ കഥാതന്തുവിന് കാരണക്കാരനായ മുണ്ടപ്പള്ളി മുകളുവിളയിൽ കുട്ടപ്പൻ (72) നിര്യാതനായി. "സോപ്പ് കുട്ടപ്പൻ" എന്ന പേരിൽ അഭ്രപാളിയിൽ മോഹൻലാൽ പകർന്നാടിയ കഥാപാത്രം കുട്ടപ്പന്റെ ജീവിതകഥയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്.

അരക്ഷിതാവസ്ഥയും അനാഥത്വവുവുമായി തുടങ്ങിയ ബാല്യവും കൗമാരവും സൃഷ്ടിച്ച കുട്ടപ്പന്റെ ജീവിത സങ്കീർണതകൾ സിനിമയാക്കിയത് ആർ. സുകുമാരനാണ്. 1988 ലാണ് പാദമുദ്ര റിലീസ് ചെയ്യുന്നത്. സ്വന്തം അസ്തിത്വം ചോദ്യം ചെയ്ത സമൂഹത്തിന്റെ പരിഹാസങ്ങളിൽ വേദന അനുഭവിച്ച കുട്ടപ്പൻ സിനിമകണ്ട ശേഷം ഏതാണ്ട് ഒറ്റപ്പെട്ട നിലയിലായിരുന്നു. അനാഥാലയങ്ങളിലായിരുന്നു ഏറക്കൊലത്തെ താമസം. അടുത്തകാലത്തായി മുണ്ടപ്പളളിയിലെ വീട്ടിൽ ഒറ്റയ്ക്ക് കഴിയുകയായിരുന്നു.

അവഗണനകൾ അംഗീകാരങ്ങളിലേക്കു നീങ്ങിയതോടെ കുട്ടപ്പൻ സമൂഹജീവിതത്തിലേക്ക് തിരിച്ചു വന്നതായി സംവിധായകൻ പല അഭിമുഖങ്ങളിലും അവകാശപ്പെട്ടിട്ടുണ്ട്
രണ്ടു തലമുറയുടെ ജീവിതപ്പകർച്ചയിൽ കൂടി മാതു പണ്ടാരമായും സോപ്പ് കുട്ടപ്പനായുമാണ് മോഹൻലാൽ കുട്ടപ്പന്റെ ജീവിതം പകർന്നാടിയത്.