21pig-attack
പന്നിശല്യം രൂക്ഷമായ നാരങ്ങാനത്തെ കൃഷിയിടങ്ങളിൽ ഒന്ന്

നാരങ്ങാനം: കാർഷിക ഗ്രാമമായ നാരങ്ങാനം പഞ്ചായത്തിൽ പന്നിശല്യം രൂക്ഷമാകുന്നു.കൃഷി ചെയ്ത് ജീവിതമാർഗം തേടുന്ന പഞ്ചായത്തിലെ ബഹുഭൂരിപക്ഷം സാധാരണക്കാരും ഇപ്പോൾ ഗതികേടിലാണ്. കാട്ടുപന്നിശല്യം കൂടിയതോടെ കാർഷികമേഖലയും സ്തംഭിച്ചു. കപ്പ,ചേമ്പ്,കാച്ചിൽ,വാഴ,റബർകൃഷി എല്ലാത്തരം കൃഷികളും പന്നി നശിപ്പിക്കുകയാണ്.ആഗസ്റ്റ്,സെപ്റ്റംബർ മാസം വിളവെടുപ്പ് നടത്തി, ഒക്ടോബർ, നവംബർ മാസം വിളവ് ഇറക്കേണ്ട സമയമാണ്. എന്നാൽകൃഷി ഇറക്കാൻ കർഷകർക്ക് കഴിയുന്നില്ല. പന്നികൾ കൂട്ടമായെത്തി കൃഷി നശിപ്പിക്കുയാണ്. ഇനി എന്തു ചെയ്യും എന്ന ആശങ്കയിലാണ് കർഷകർ.പലരും പലിശയ്ക്ക് കടം എടുത്താണ് കൃഷി ഇറക്കുന്നത്.കൃഷി നശിച്ചതോടെ പണം എങ്ങനെ തിരിച്ചടയ്ക്കുമെന്ന ഭീതിയിലാണ് കർഷകർ.

നിവേദനം നൽകി, നടപടിയില്ലെന്ന് കർഷകർ

രാത്രിയും പകലും പന്നിശല്യം രൂക്ഷമായതിനെ തുടർന്ന് ഈ മാസം 4ന് നാരങ്ങാനത്തെ കർഷകർ പത്തനംതിട്ട കളക്ട്രേറ്റ് പടിക്കൽ സമരം ചെയ്തിരുന്നു. നിവേദനം കളക്ടർ, എം.എൽ.എ,മന്ത്രി എന്നിവർക്ക് നൽകിയെങ്കിലും നാളിതുവരെ തുടർനടപടി ഉണ്ടായിട്ടില്ല. എത്രയും വേഗം പന്നികളെ അമർച്ച ചെയ്യാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

ജനങ്ങളുടെ ഉപജീവനമാർഗത്തിന് ഭീഷണിയാകുന്ന പന്നികളെ അമർച്ച ചെയ്യണം. കാടുകയറിയ ഭൂപ്രദേശങ്ങൾ തെളിക്കാൻ പഞ്ചായത്തിൽ നിന്നും നടപടി ഉണ്ടാകണം

(കർഷകർ)

-കൃഷിക്ക് വേണ്ടി പലിശയ്ക്കെടുത്ത പണം തിരിച്ചടയ്ക്കാൻ കഴിയുന്നില്ല

- രാത്രിയിലും പകലും പന്നി ശല്യം

- വിളവ് ഇറക്കേണ്ട സമയമെന്ന് കർഷകർ