supreme-court-india
supreme court

പത്തനംതിട്ട: ശബരിമലയിലെ ക്ഷേത്രഭരണത്തിന് പ്രത്യേക സംവിധാനം വേണമെന്ന സുപ്രീംകോടതിയുടെ പരാമർശത്തിന് കാരണമായത് പന്തളം കൊട്ടാരം നൽകിയ ഹർജി. 1987ൽ തന്റെ 27-ാമത്തെ വയസിൽ ശബരിമലയിലെത്തി അയ്യപ്പ വിഗ്രഹത്തിൽ തൊട്ടുവെന്ന് കന്നട നടി ജയമാല 2006ൽ പറഞ്ഞതിനെ തുടർന്ന് പരപ്പനങ്ങാടി ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ ദേവപ്രശ്നം നടത്തിയിരുന്നു. പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണത്തിൽ ചിലത് കാണാതായിട്ടുണ്ടെന്ന് ദേവ പ്രശ്നത്തിൽ ചൂണ്ടിക്കാട്ടി. തിരുവാഭരണം ദേവസ്വം ബോർഡിന്റെ സ്വത്താണെന്നും പറഞ്ഞിരുന്നു.

ദേവപ്രശ്നം ബോർഡും പരപ്പനങ്ങാടിയും തമ്മിലുള്ള ഒത്തുകളിയാണെന്ന് ചൂണ്ടിക്കാട്ടി പന്തളം കൊട്ടാരം ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ, തിരുവാഭരണത്തിന്റെ സംരക്ഷണം മാത്രമാണ് പന്തളം കൊട്ടാരത്തിനുള്ളതെന്നും ഉടമസ്ഥരല്ലെന്നും ഹൈക്കോടതി പരാമർശിക്കുകയുണ്ടായി. ഇതിനുള്ള തിരുത്തൽ ഹർജിയുമായി പന്തളം കൊട്ടാരം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഹർജിക്കൊപ്പം ശബരിമലയിലെ ഭരണത്തിന് പന്തളം കൊട്ടാരം, തന്ത്രി എന്നിവർകൂടി ഉൾപ്പെടുന്ന പ്രത്യേക സംവിധാനം വേണമെന്ന് അപേക്ഷിച്ചിരുന്നു. 1987ലെ ശങ്കരൻനായർ കമ്മിഷൻ, 1999ലെ ചന്ദ്രശേഖരൻ നായർ കമ്മിഷൻ, ഹൈക്കോടതി നിയോഗിച്ച ഹൈപവർ കമ്മറ്റി എന്നിവ ശബരിമലയ്ക്ക് പ്രത്യേക ഭരണ സംവിധാനം വേണമെന്ന് ശുപാർശ ചെയ്തത് പന്തളം കൊട്ടാരം ഹർജിക്ക് അനുബന്ധമായി സമർപ്പിച്ചിരുന്നു. ഇതു പരിഗണിച്ചാണ് ഇന്നലത്തെ സുപ്രീംകോടതി പരാമർശം.