തിരുവല്ല: ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്ക് ഹെൽമറ്റ് നിർബന്ധമാക്കിയതോടെ ഹെൽമറ്റ് മോഷ്ടാക്കൾ വിലസുന്നു. ആശുപത്രിയെന്നോ പാർക്കിംഗ് സ്ഥലമെന്നോ റോഡിന്റെ വശങ്ങളെന്നോ വ്യത്യാസമില്ലാതെയാണ് ഹെൽമെറ്റുകൾ മോഷണം പോകുന്നത്. കഴിഞ്ഞ ദിവസം പരുമലയിലെ ആശുപത്രിയിൽ നിന്നും കടപ്ര സ്വദേശിയുടെ ഹെൽമെറ്റ് മോഷണം പോയി. ഡോക്ടറെ കാണാനുള്ള ധൃതിയിൽ ഹെൽമെറ്റ് വാഹനത്തിൽ സൂക്ഷിച്ചശേഷം മടങ്ങിയെത്തിയപ്പോൾ കാണാനില്ല. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ സ്വന്തം ഉത്തരവാദിത്വത്തിൽ ഹെൽമെറ്റ് സൂക്ഷിക്കണമെന്നും തങ്ങൾക്ക് ഉത്തരവാദിത്വം ഇല്ലെന്നും പറഞ്ഞു. ആയിരത്തിലധികം രൂപ നൽകി അടുത്തകാലത്ത് വാങ്ങിയ ഹെൽമെറ്റാണ് നഷ്ടമായത്. ഹെൽമെറ്റ് നഷ്ടപ്പെട്ട വിഷമത്തിൽ തിരികെ വീട്ടിലേക്ക് പോകുമ്പോഴാകട്ടെ വഴിയിൽ പൊലീസിന്റെ വക പരിശോധന. മോഷണക്കഥയൊന്നും പൊലീസിന്റെ അടുക്കൽ പറഞ്ഞിട്ട് കാര്യമില്ല. നിയമലംഘനത്തിന് പിഴ ഒടുക്കണമെന്നായി. ഒടുവിൽ പിഴയൊടുക്കിയ പാവം യാത്രക്കാരന് ഇരട്ടി നഷ്ടം നേരിടേണ്ടി വന്നു. പാർക്കിംഗ് ഏരിയയിൽ കാമറ സ്ഥാപിച്ചയാൾ ഹെൽമെറ്റ് മോഷ്ടാക്കളെ കണ്ടെത്താൻ കഴിയും. എന്നാൽ മിക്ക വാഹന പാർക്കിംഗ് സ്ഥലങ്ങളിലും കാമറയില്ലാത്തത് കാരണം മോഷ്ടാക്കൾ രക്ഷപെടുന്ന സ്ഥിതിയാണ്. ചിലയിടങ്ങളിൽ ചില പ്രദേശവാസികളുടെ ഒത്താശയോടെ ഹെൽമെറ്റ് മോഷണം പതിവാകുന്നതായും പരാതിയുണ്ട്. പിൻസീറ്റ് യാത്രക്കാർക്കും ഹെൽമെറ്റ് കർശനമാക്കിയ സാഹചര്യത്തിൽ യാത്രക്കാർ രണ്ടു ഹെൽമെറ്റും കൊണ്ട് നടക്കേണ്ട സ്ഥിതിയാണ്‌. ഇല്ലെങ്കിൽ വഴിയിൽ നിന്നുപോലും ആരെയും കയറ്റാനാകില്ല. നിയമം എന്തായാലും ഹെൽമെറ്റ് മോഷ്ടാക്കൾ നഗര-ഗ്രാമ വ്യത്യാസമില്ലാതെ വ്യാപകമാണ്. ഇരുചക്ര വാഹനയാത്രക്കാർ ജാഗ്രത പാലിക്കുകയെ രക്ഷയുള്ളൂ.