ചിറ്റാർ: ചിറ്റാറിലെ മണ്ണിന്റെ മനസുമാറി. ഒാറഞ്ചും മൊസമ്പിയും ആപ്പിൾ വർഗത്തിൽപ്പെട്ട പാൽപ്പഴവുമെല്ലാം ചിറ്റാറിലെ മണ്ണ് വിളയിച്ചെടുത്തു. ഫലവൃക്ഷങ്ങൾ നട്ടുവളർത്തുന്നത് പ്രോത്സാഹിപ്പിക്കാൻ കൃഷി വകുപ്പും തയ്യാറായതോടെ പുതിയൊരു കാർഷിക വിപ്ളവത്തിന് തുടക്കമിട്ടിരിക്കുകയാണ് ചിറ്റാറിൽ.
ഉഷ്ണമേഖല പഴം ഇനങ്ങൾക്ക് വിളയാൻ പറ്റിയ മണ്ണാണ് ചിറ്റാറിലേതെന്ന് മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിലെ വിദഗ്ദർ അഭിപ്രായപ്പെട്ടു. ചിറ്റാറിലെ കാലാവസ്ഥയിലും മണ്ണിന്റെ ഘടനയിലും മാറ്റം വന്നു. രാവിലെ അതിശൈത്യവും ഉച്ചയ്ക്ക് അത്യുഷ്ണവുമാണിവിടെ. ഇത് പ്രളയത്തിന് ശേഷമുണ്ടായ മാറ്റമാകാൻ സാദ്ധ്യതയില്ലെന്നാണ് വിദഗ്ദ്ധ സംഘം പറയുന്നത്.
കാർഷിക സർവകലാശാലയുടെ കീഴിലുള്ള 'കർഷക സാന്ത്വന'ത്തിലെ വിദഗദ്ധ ശാസ്ത്ര സംഘം കഴിഞ്ഞ ദിവസം ചിറ്റാറിലെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചു. ഓറഞ്ച് കൃഷി ചെയ്ത മീൻകുഴിമരുതും മേപ്പുറത്ത് വീട്ടിൽ മത്തായി, പാൽപ്പഴം (മിൽക്ക് ഫ്രൂട്ട്) കൃഷി ചെയ്ത സി.പി.എം നേതാവ് എം.എസ് രാജേന്ദ്രൻ, മൂസമ്പിയിനങ്ങളുള്ള സ്റ്റീഫൻ തുടങ്ങി പത്തിൽപരം കർഷകരുടെ സ്ഥലങ്ങളിൽ നിന്ന് മണ്ണിന്റെ സാമ്പിളുകൾ ശേഖരിച്ചു. ഇത് വിദഗ്ദ്ധ പരിശോധനക്ക് അയയ്ക്കും. മണ്ണിൽ ബോറോൺ മൂലകത്തിന്റെ അഭാവം പ്രാഥമിക നിരീക്ഷണത്തിൽ തെളിഞ്ഞിട്ടുണ്ടെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി. പഞ്ചായത്തിന്റെ ഉയർന്ന പ്രദേശങ്ങളിൽ ഹൈറേഞ്ചിലെ പഴയിനങ്ങളെല്ലാം കൃഷി ചെയ്യാം. ഇത്തരം പഴം ഇനങ്ങൾ ഇടവിളയാക്കുന്നതാണ് അഭികാമ്യം. വിളകൾക്കുളള രോഗപ്രതിവിധികൾ സംഘം നിർദ്ദേശിക്കുകയും ചെയ്തു.
സംഘത്തിൽ എം.റഫീഖ്, വിശ്വേശ്വരൻ, രാധിക ,ബിന്ദു, ബീന എന്നിവരാണുണ്ടായിരുന്നത്.വാർഡംഗങ്ങളായ ഷൈലജ, സുജ, അന്നമ്മ ,കൃഷി ഓഫീസർ മുഹമ്മദ് റിയാസ്, കൃഷി അസിസ്റ്റന്റ് അനിൽകുമാർ എന്നിവർ സ്ഥലത്തെത്തി.
>>>>
'' പ്രളയാനന്തരമുണ്ടായ മാറ്റമായി മണ്ണിന്റെ ഘടനയെ കാണേണ്ടതില്ല. ഫല വൃക്ഷങ്ങൾ കൃഷി ചെയ്യാൻ നിലവിൽ ഇവിടുത്തെ കാലാവസ്ഥ അനുയോജ്യമാണ്.
ഡേ.എം.റഫീഖ്, കൃഷി ശാസ്തജ്ഞൻ.