പത്തനംതിട്ട: ജനറൽ ആശുപത്രിയിലെ ശുചീകരണം മുഖം മിനുക്കൽ മാത്രം. ആശുപത്രിയുടെ പിൻവശം കാടു കയറി ഇഴജീവികളുടെയും തെരുവ് നായകളുടെയും വാസകേന്ദ്രമായി. ആശുപത്രിയിലെ ശുചീകരണം ആളുകൾ കയറിയിറങ്ങുന്ന പ്രധാന കവാടത്തിൽ മാത്രം ഒതുങ്ങുന്നുവെന്ന് ആക്ഷേപമുണ്ട്.
കോമ്പൗണ്ടിനുള്ളിൽത്തന്നെ പിൻവശത്തായി ഒഴിഞ്ഞു കിടക്കുന്ന ഭാഗത്ത് പാഴ്ചെടികൾ വളർന്ന് മരങ്ങളിലേക്കും കെട്ടിടത്തിലേക്കും ആംബുലൻസ് ഷെഡിലേക്കും പടർന്ന് കയറി. ആശുപത്രിയിലേക്ക് വൈദ്യുതിയെത്തുന്ന പോസ്റ്റിലെ ട്രാൻസ്ഫോർമറിൽ പാഴ് ചെടികൾ മൂടി. ഡോക്ടേഴ്സ് ലെയ്ൻ ഭാഗത്തെ വീട്ടുപറമ്പിലെ മരങ്ങളിലും ആശുപത്രിപരിസരത്തേക്ക് പടർന്നിട്ടുണ്ട്. മാർത്തോമ സ്കൂൾ റോഡിൽ നിന്നാൽ ആശുപത്രി കാണാൻ പറ്റാത്ത സ്ഥിതിയായി.
ആശുപത്രിയുടെ പിൻവശത്ത് മാലിന്യം തള്ളുന്നുണ്ട്. ഭക്ഷണാവശിഷ്ടങ്ങളും മറ്റുമുളളതിനാൽ തെരുവ് നായകളും കൂടുന്നു. രാത്രിയിൽ ഇവ ആശുപത്രി വളപ്പിൽ അലഞ്ഞു നടക്കുന്നുണ്ട്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നായകൾ ഭീഷണിയാണ്.ആശുപത്രിയിൽ ശുചീകരണം നടത്തുമ്പോൾ പിൻവശത്തേക്ക് ആരും നോക്കാറില്ല.ഇവിടെ മരങ്ങൾ കോതി ഒതുക്കാറില്ല. കഴിഞ്ഞിടെ മുൻവശത്ത് ദേശാടന പക്ഷികൾ ചേക്കേറുന്ന മരങ്ങളുടെ ശിഖരങ്ങൾ വെട്ടിക്കളഞ്ഞിരുന്നു.എന്നാൽ, പിൻവശത്ത് പക്ഷികളുടെ കൂടില്ലാത്ത മരങ്ങളുടെ ശിഖിരങ്ങളും വളളിപ്പർപ്പുകളും വെട്ടിയൊതുയിട്ടില്ല. ശുചിത്വഭാരതം പദ്ധതി ജനറൽ ആശുപത്രിയിൽ പ്രഹസനമാകുന്നുവെന്ന് പരാതിയുണ്ട്.
ആശുപത്രി വളപ്പിൽ പിൻവശത്തെ കാട് തെളിച്ച് വൃത്തിയാക്കണമെന്ന് ആശുപത്രി മാനേജിംഗ് കമ്മറ്റിയോഗത്തിൽ നിരന്തരം ആവശ്യപ്പെട്ടിട്ടുളളതാണ്. ഉടനെ ചെയ്യാമെന്ന് ബന്ധപ്പെട്ടവർ ഉറപ്പ് നൽകിയതുമാണ്.
പി.കെ.ജേക്കബ്
(വാർഡ് കൗൺസിലർ)
-ശുചീകരണം ആശുപത്രിയുടെ മുന്നിൽ മാത്രം
-ആശുപത്രിക്ക് പിൻവശം ഇഴജീവികളുടെയും തെരുവ് നായകളുടെയും വാസകേന്ദ്രം