അടൂർ: നാലരവയസുള്ള കുട്ടിയുടെ വയറ്റിൽ തീപ്പൊള്ളൽ എല്പ്പിച്ച സംഭവത്തിൽ അമ്മുമ്മക്കെതിരെ കേസ്. പെരിങ്ങനാട് സ്വദേശി ലക്ഷ്മി (40)ക്കെതിരെയാണ് ജെ.ജെ വകുപ്പ് പ്രകാരം കേസെടുത്തത്. ഇവരുടെ മകളുടെ കുട്ടിയാണ് ഇത്. മകൾ കുട്ടികളെ അമ്മൂമ്മയുടെ കൂടെയാക്കി ഇപ്പോൾ തമിഴ്നാട്ടിലാണ് സ്ഥിരതാമസം. ഈ കുട്ടിയെ സംരക്ഷിക്കുന്നത് അമ്മൂമ്മയാണ്. കുട്ടി പഠിക്കുന്ന അംഗൻവാടിയിലെ അദ്ധ്യാപികയാണ് കുട്ടിയുടെ വയറ്റിൽ തീപ്പൊള്ളലേറ്റ പാട് കണ്ടത്. കുട്ടിയോട് കൂടുതൽ വിവരങ്ങൾ തിരക്കിയപ്പോൾ അമ്മൂമ്മ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് കുട്ടി അദ്ധ്യാപികയോട് പറഞ്ഞു. തുടർന്ന് അദ്ധ്യാപിക ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിച്ചതിനെ തുടർന്ന് പ്രവർത്തകർ എത്തി അടൂർ പൊലീസിൽ പരാതി നൽകി. ഈ കുട്ടിയെ കൂടാതെ മൂന്നര വയസുള്ള ഇളയ കുട്ടി കൂടി ഇവരുടെ സംരക്ഷണയിൽ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.