പത്തനംതിട്ട: വയനാട് സുൽത്താൻ ബത്തേരിയിൽ പാമ്പുകടിയേറ്റ് അഞ്ചാം ക്ളാസ് വിദ്യാർത്ഥിനി ഷെഹ് ല ഷെറിൻ ക്ളാസ് മുറിയിൽ മരിച്ച സംഭവം കേരളമാകെ നൊമ്പരമാകുമ്പോൾ നമ്മുടെ ജില്ലയിലെ കുട്ടികൾ സ്കൂളുകളിൽ സുരക്ഷിതമാണോ?.ഒരു അന്വേഷണം

---------------------

സ്കൂൾ തകർത്ത് കാട്ടാനകൾ

മലയോര മേഖലയിലും അപ്പർകുട്ടനാട്ടിലുമുള്ള പല സ്കൂളുകളുടെയും പരിസരങ്ങൾ വന്യമൃഗങ്ങളുടെയും ഇഴ ജീവികളുടെയും വാസകേന്ദ്രങ്ങളാണ്. ഗവിയിലെ സ്കൂൾ പല തവണ കാട്ടാനകൾ തകർത്തിട്ടുണ്ട്. സീതത്തോട്, ചിറ്റാർ, നാറാണംമൂഴി, അരുവാപ്പുലം പഞ്ചായത്തുകളിൽ സ്കൂളുകൾ പ്രവർത്തിക്കുന്നത് വനത്തോട് ചേർന്നാണ്.

മലയോര മേഖലയിൽ വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തടയാൻ സ്ഥാപിച്ച സോളാർ വേലികൾ മരങ്ങൾ ഒടിഞ്ഞ് വീണ് തകർന്നുകിടക്കുന്നു. കാട്ടുമൃഗങ്ങൾ കയറാതിരിക്കാൻ കിടങ്ങ് കുഴിച്ചത് കനത്ത മഴയിലെ മണ്ണിടിച്ചിലിൽ നികന്നു.

തിരുവല്ല മേഖലയിൽ സ്കൂൾ പരിസരത്ത് പാമ്പിനെ തല്ലിക്കൊന്ന സംഭവങ്ങളുമുണ്ട്. മേൽക്കൂര അപകടഭീഷണിയിലായിട്ടും അറ്റകുറ്റപ്പണി നടത്താത്ത സ്കൂളുകളുണ്ട്.

>>>

സ്കൂളിൽ ഇങ്ങനെ ചെയ്യണം. പക്ഷേ...

> സ്കൂളും പരിസരങ്ങളും വൃത്തിയുളളതും പഠനത്തിന് അനുയോജ്യവുമായിരിക്കണം.

>ക്ളാസ് മുറികൾ വിദ്യാർത്ഥി സൗഹൃദവും സുരക്ഷിതവുമാകണം.

>കുട്ടികൾക്ക് അപകടങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാൽ അദ്ധ്യാപകർ അടിയന്തര നടപടി സ്വീകരിക്കണം.

> പ്രഥമ ശുശ്രൂഷ മരുന്നുകൾ സ്കൂളുകളിൽ നിർബന്ധമായും ഉണ്ടാകണം.

> കുട്ടികൾക്ക് ശുദ്ധജലം ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം.

> സുരക്ഷയ്ക്ക് ഭീഷണിയായി നിൽക്കുന്ന പൊത്ത്, കാട്, മരങ്ങൾ തുടങ്ങിയവ അടിയന്തരമായി നീക്കുക.

> കുട്ടികൾ സ്കൂളിൽ വരുന്നതും പോകുന്നതുമായ സമയക്രമം രക്ഷിതാക്കളെ അറിയിക്കണം.

> കുട്ടികളെയും സ്കൂളിനെയും സംബന്ധിച്ച വിഷയങ്ങളിൽ പി.ടി.എ കമ്മറ്റി തീരുമാനംകർശനമായി നടപ്പാക്കണം.

> ഇത്തരം വിഷയങ്ങളിൽ പൂർണ ഉത്തരവാദിത്വം പ്രഥമാദ്ധ്യാപകർക്കായിരിക്കും.

.......

25ന് മുമ്പ് റിപ്പോർട്ട് നൽകണം

എല്ലാ പ്രഥമാദ്ധ്യാപകരും സ്കൂൾ സുരക്ഷ സംബന്ധിച്ച സത്യാവാങ്മൂലം 25ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഉപ വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകണം. ഉപ വിദ്യാഭ്യാസ ഡയറക്ടർ കളക്ടർക്ക് റിപ്പോർട്ട് നൽകും.

....

-----------------------

ജില്ലയിലെ സ്കൂളുകളിൽ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുളള പരിശോധന നടത്തും

പി.എ. ശാന്തമ്മ

ഉപവിദ്യാഭ്യാസ ഡയറക്ടർ

.....

പാമ്പ് കടിച്ചാൽ ആന്റിവെനം (പ്രതിവിഷം) ഉളള ജില്ലയിലെ പ്രധാന ആശുപത്രികൾ

> പത്തനംതിട്ട ജനറൽ ആശുപത്രി

> കോഴഞ്ചേരി ജില്ലാ ആശുപത്രി

> അടൂർ ജനറൽ ആശുപത്രി

.....

പാമ്പ് കടിച്ചാൽ

> കടിയേറ്റയാൾ ഭയക്കരുത്.

> മറ്റുളളവർ ഭയപ്പെടുത്തരുത്.

> ഭയപ്പെടുമ്പോൾ രക്തസമ്മർദ്ദം കൂടും. ഇത് വിഷം വേഗത്തിൽ ശരീരത്തിൽ പടരാൻ കാരണമാകും.

> കടിയേറ്റ മുറിവിന്റെ മുകളിൽ തുണികൊണ്ട് കെട്ടണം. മുറുക്കരുത്.

> വെളളം ഉപയോഗിച്ച് മുറിവ് കഴുകാം. ശക്തിയായി വെളളം ഒഴിക്കരുത്.

> കടിയേറ്റയാൾക്ക് ചായ, മദ്യം തുടങ്ങിയവ കൊടുക്കരുത്.

> കടിയേറ്റ ഭാഗം ഹൃദയത്തിൽ നിന്ന് താഴ്ന്ന നിലയിലാകണം.

> സമയം വൈകാതെ പ്രതിവിഷമുളള ആശുപത്രിയിലെത്തിക്കുക.

(ഡോ. ആശിഷ് മോഹൻകുമാർ, ആർ.എം.ഒ, പത്തനംതിട്ട ജനറൽ ആശുപത്രി)

>>>

വന്യമൃഗശല്യം ഒഴിവാക്കാൻ

> വളർത്തുനായ, പശു എന്നിവയെ കാണാതായാൽ ആ പ്രദേശത്ത് പുലി, കടുവ എന്നിവയുടെ സാന്നിദ്ധ്യമുണ്ടാകാം.

> ആനയിറങ്ങിയാൽ ആനച്ചൂര് മണക്കും.

> ചക്ക, മാവ്, റമ്പൂട്ടാൻ തുടങ്ങിയ ഫല വൃക്ഷങ്ങളുടെയും മാലിന്യത്തിന്റെയും മണം പിടിച്ചാണ് വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നത്.

> മാസാംവശിഷ്ടം, മത്സ്യം, പാഴായ ചോറ് എന്നിവ വീടിന്റെ പരിസരത്ത് അലക്ഷ്യമായി ഇടരുത്. അവ കുഴിച്ചിടണം.

> വന്യമൃഗങ്ങളെ ആകർഷിക്കുന്ന കൃഷി കാടിന്റെ പരിസരങ്ങളിൽ നിന്ന് ഒഴിവാക്കണം..

> മൃഗങ്ങളെ കണ്ടാൽ വീടിന് വെളിയിൽ നിൽക്കരുത്.

> രാത്രിയിൽ വെളിച്ചമില്ലാതെ വെളിയിലിറങ്ങരുത്.

> വീടിന് ചുറ്റും കിടങ്ങ് കുഴിക്കണം. വനംവകുപ്പിന്റെ സഹായം തേടാം.

> ചെണ്ട കൊട്ടിയും തീപ്പന്തമുണ്ടാക്കിയും വനമൃഗങ്ങളെ അകറ്റാം. തീപ്പന്തം മൃഗങ്ങൾക്ക് നേരെ എറിയരുത്.

( ചിറ്റാർ ആനന്ദൻ, പരിസ്ഥിതി പ്രവർത്തകൻ, വനംവകുപ്പ് മുൻ ഉദ്യോഗസ്ഥൻ..)