അടൂർ:മോഷ്ടാക്കളും ഗതാഗത നിയമങ്ങൾ തെറ്റിക്കുന്നവരും ജാഗ്രതൈ.നഗരം ഇനി മുതൽ സി.സി.ടി.വി കാമറ നിരീക്ഷണത്തിലാകും.ഇതിന്റെ പ്രാരംഭഘട്ടമായി കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ സ്ഥാപിച്ച രണ്ട് കാമറകളുടെ പ്രവർത്തനോദ്ഘാടനം ഇന്നലെ ജനമൈത്രി ഹാളിൽ നടന്ന ചടങ്ങിൽ ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവഹിച്ചു.നഗരസഭ ചെയർപേഴ്സൺ ഷൈനി ബോബി,ജില്ലാ പൊലീസ് മേധാവി ജി.ജയദേവ്,ഡി.വൈ. എസ്.പി ജവഹർ ജനാർദ്ദ് ജനമൈത്രി സമിതി അംഗങ്ങൾ,യൂത്ത് ക്ലബ് അംഗങ്ങൾ, ജനപ്രതിനിധികൾ,രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തകർ,വ്യാപാരി വ്യവസായികൾ, റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പദ്ധതി ഇങ്ങനെ.........
കെ.പി റോഡിൽ ഏഴംകുളം മുതൽ അടൂർ ഹൈസ്കൂൾ ജംഗ്ഷൻ വരെയും ആനന്ദപ്പള്ളി മുതൽ വടക്കടത്തുകാവ് വരെയും പൂർണമായും സി.സി.ടി.വിയുടെ നിരീക്ഷണത്തിലാക്കുകയാണ് പദ്ധതി. ഇതിനായി ചിറ്റയം ഗോപകുമാർ എം.എൽ.എ 50 ലക്ഷംരൂപ തന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭ്യമാക്കാമെന്ന ഉറപ്പ് നൽകി.
ലക്ഷ്യം
നഗരത്തിൽ അടിക്കടിയുണ്ടാകുന്ന അപകടങ്ങൾ, മോഷണങ്ങൾ, സാമൂഹ്യ വിരുദ്ധശല്യം എന്നിവ അമർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ ഡി.വൈ.എസ്.പി മുൻകൈ എടുത്ത് വ്യാപാരി വ്യവസായി സംഘടനകളുടെ യോഗം വിളിച്ചു ചേർത്ത് ആവശ്യകത വിവരിച്ചിരുന്നു.നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപാരി വ്യവസായി സംഘടനകൾ 50 സി.സി.ടി.വി കാമറയും അതിന്റെ അനുബന്ധ ഉപകരണങ്ങളും വാങ്ങി നൽകാമെന്ന ഉറപ്പ് നൽകി.
എച്ച്ഡി കാമറകൾ
ഇരുളിലും പകൽ പോലെ ചിത്രം വ്യക്തമാകുന്ന രണ്ട് എച്ച്.ഡി കാമറകളാണ് കെ.എസ്. ആർ.ടി.സി ജംഗ്ഷനിൽ കിഴക്കും പടിഞ്ഞാറുമായി സ്ഥാപിച്ചത്.
നിരീക്ഷണം പൊലീസ് സ്റ്റേഷനിൽ
വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുന്ന കാമറാകളിലെ ദൃശ്യങ്ങൾ റിക്കോർഡ് ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത് പൊലീസ് സ്റ്റേഷനിലാണ്.
-എം.എ.ൽ എ ഫണ്ടിൽ നിന്നും 50 ലക്ഷം
-വ്യാപാരി വ്യവസായി സംഘടനകൾ 50 കാമറകൾ നൽകും
നഗരസഭയും അടുത്ത ബഡ്ജറ്റിൽ ഇതിനായി തുക വകയിരുത്തും.
ഷൈനി ബോബി
(ചെയർപേഴ്സൺ)