തിരുവല്ല: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള പരുമല തിരുവാർമംഗലം ശ്രീമഹാദേവ ക്ഷേത്രത്തിൽ മോഷണം. കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ചു. ഇന്നലെ പുലർച്ചെ ക്ഷേത്രം മേൽശാന്തി പൂജയ്ക്കെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ശ്രീകോവിൽ കുത്തിത്തുറന്നെങ്കിലും ഒന്നും നഷ്ടമായില്ല. എന്നാൽ തിടപ്പള്ളി കുത്തിപ്പൊളിച്ച് ഇവിടെ സൂക്ഷിച്ചിരുന്ന സ്റ്റീലിന്റെ കാണിക്കവഞ്ചി തകർത്താണ് പണം കവർന്നത്. രണ്ടാഴ്ച മുമ്പ് കാണിക്കവഞ്ചി തുറന്നു ക്ഷേത്രം അധികൃതർ പണം എടുത്തിരുന്നതിനാൽ പിന്നീട് ലഭിച്ച പണമാണ് നഷ്ടമായത്.ക്ഷേത്രത്തിന്റെ സമീപത്തു നിന്നും മോഷ്ടാക്കൾ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ഇരുമ്പ് പാര ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയിട്ടുണ്ട്. പുളിക്കീഴ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ക്ഷേത്രത്തിലെത്തി തെളിവുകൾ ശേഖരിച്ചു.