മല്ലപ്പള്ളി: കെ.എസ്.ഇ.ബി ലൈനിൽ അറ്റകുറ്റപണിക്കായി എത്തിയ കരാറുകാരന്റെ വാഹനം തകർത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ പണം, മൊബൈൽ ഫോൺ, എ.ടി.എം കാർഡ് തിരിച്ചറിയൽ കാർഡ് മുതലായവ അടങ്ങിയ മൂന്ന് ബാഗുകൾ അപഹരിച്ചു. ഇന്നലെ വൈകിട്ട് 3നും 5നും ഇടയിൽ മല്ലപ്പള്ളി വെസ്റ്റ് വൈ.എം.സി.എ - പാതിക്കാട് റോഡിൽ വൈ.എം.സി.എക്ക് സമീപമാണ് സംഭവം. കുമ്പനാട് സ്വദേശിയായ കരാറുകരന്റെ മിനി പിക്കപ്പ് വാൻ പണിയായുധങ്ങളുമായി പാതയോരത്ത് നിറുത്തിയിട്ടിരിക്കുകയായിരുന്നു. 100 മീറ്ററിനപ്പുറം വൈദ്യുതി ലൈനിലേക്ക് ചാഞ്ഞുനിന്ന മരങ്ങൾ മുറിക്കുകയായിരുന്ന മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളുടെ സാധനങ്ങൾ വാഹനത്തിന്റെ ക്യാബിനുള്ളിൽ സൂക്ഷിച്ചിട്ട് വാഹനം പൂട്ടിയിരുന്നു. കാരാറുകാരനും തൊഴിലാളികളും പണികഴിഞ്ഞ് എത്തിയപ്പോൾ വാഹനത്തിന്റെ മുന്നിലെ ഗ്ലാസ് വലിയ കല്ലുകൊണ്ട് തകർത്ത് അതിലൂടെ കമ്പ് കടത്തി ലോക്ക് തുറന്ന് സാധനങ്ങൾ മോഷ്ടിക്കുകയായിരുന്നുവെന്ന് കണ്ടെത്തി. കീഴ്വായ്പ്പൂര് പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.