അടൂർ: അടൂർ.സെൻട്രൽ ജംഗ്ഷൻ മുതൽ ഇളമണ്ണൂർ വരെ അടുത്തിടെ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കിയ കെ.പി റോഡിന്റെ തകർച്ചയ്ക്ക് കാരണക്കാർ വാട്ടർ അതോറ്റിയെന്ന് പൊലീസ് വിജിലൻസ് വിഭാഗത്തിലെ ക്വാളിറ്റി കൺട്രോൾ വിഭാഗം നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. പൊതുമരാമത്ത് ഉദ്യോഗസ്ഥരുടേയും കരാറുകാരന്റെയും ഭാഗത്ത് യാതൊരു വീഴ്ചയുമില്ലെന്നും കണ്ടെത്തി. ഇന്നലെ കോർ കട്ട് മെഷീൻ ഉപയോഗിച്ച് നടത്തിയ രണ്ടാം ഘട്ട പരിശോധനയിലാണ് വ്യക്തമായത്. പൊതുമരാമത്ത് വിഭാഗം 9 കോടി രൂപ ചെലവഴിച്ച് പുനരുദ്ധരിച്ച റോഡിന്റെ പല ഭാഗങ്ങൾ ഇടിഞ്ഞു താഴുകയും പൈപ്പ് ലീക്കിനെ തുടർന്ന് അടിക്കടി തകരുകയും ചെയ്തതിനെ തുടർന്നാണ് പത്തനംതിട്ട വിജിലൻസ് ഡി.വൈ.എസ്.പി ഹരി വിദ്യാധരന്റെ നേതൃത്വത്തിൽ രണ്ട് മാസം മുൻപ് ആദ്യഘട്ട പരിശോധന നടത്തിയിരുന്നു. റോഡ് നിർമ്മാണത്തിലെ അപാകതയാണ് ഇതിന് കാരണമെന്ന ആരോപണമാണ് പ്രധാനമായും ഉയർന്നത്.ഇതിനെ തുടർന്നാണ് പൈപ്പ് ലൈൻ സ്ഥാപിച്ചതിലും, റോഡ് നിർമ്മാണത്തിലും അപാകതയുണ്ടോ എന്ന് കണ്ടെത്താൻ കോർ കട്ട് മെഷീൻ ഉപയോഗിച്ച് ഇന്നലെ പരിശോധന നടത്തിയതും.
അടൂർ മുതൽ ഇളമണ്ണൂർ വരെയുള്ള ഭാഗത്ത് പരിശോധന
അടൂർ മുതൽ ഇളമണ്ണൂർ വരെയുള്ള ഭാഗത്ത് ആറിടത്ത് മെഷീൻ ഉപയോഗിച്ച് റോഡ് നിർമ്മാണത്തിന് ഉപയോഗിച്ച മെറ്റീരിയൽസിന്റെ അളവ് പരിശോച്ചു.ബി.എംആൻഡ്ബി.സി ഉപയോഗത്തിൽ യാതൊരു കുറവും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല ചിലയിടത്ത് ആവശ്യത്തിലധികം സാധനങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്നും കണ്ടെത്തി.പൈപ്പ് കുഴിച്ചിട്ട നിർമ്മാണ രീതിയിലെ അപാകതയാണ് ഇതിനു കാരണമെന്നും അതാണ് ഭാരവാഹനങ്ങൾ കയറിയപ്പോൾ റോഡിന്റെ ഇരുവശവും താഴാൻ ഇടയാക്കിയതെന്നും കണ്ടെത്തി.വിജിലൻസ് വിഭാഗം സി.ഐ പി.എസ്.രാജേഷ്,എസ്.ഐ അജികുമാർ,എ.എസ്.ഐ മുജീബ് റഹ്മാൻ എന്നിവരുടെ നേതൃത്വത്തിലായിക്കുന്നു പരിശോധന.
തകർച്ചയ്ക്ക് കാരണം
പൈപ്പ് ലൈൻ സ്ഥാപിച്ച കുഴികൾ ഓരോ 20 സെന്റീമീറ്റർ ഘനത്തിൽ പ്രത്യേക അനുപാതത്തിൽ മണ്ണും വെള്ളവും ഉപയോഗിച്ച് ഉറപ്പിച്ച് വേണം കുഴികൾ നികത്തേണ്ടത്.ഇത് പാലിക്കപ്പെടാതെയാണ് നിർമ്മാണം പൂർത്തിയാക്കിയത്.പൈപ്പ് ലൈൻ സ്ഥാപിച്ച് പ്രഷർടെസ്റ്റ് നടത്തി കൂട്ടിചേർക്കൽ ഭാഗത്ത് ചോർച്ച ഇല്ലെന്ന് ഉറപ്പു വരുത്തണമെന്ന നിബന്ധനയും പാലിച്ചില്ല.പഴയ പൈപ്പുലൈനുകൾ പല ഭാഗത്തും വെള്ളം കയറി കിടക്കുന്നത് പൊട്ടിയും റോഡ് തകർച്ചയ്ക്ക് കാരണമാകുന്നു.
-9 കോടി ചെലവഴിച്ച റോഡ‌്