തിരുവല്ല: നീരേറ്റുപുറം പമ്പ ജലമേളയുടെ നടത്തിപ്പ് സംബന്ധിച്ച് വീണ്ടും തർക്കം ഉയരുന്നു. ജലോത്സവത്തിന്റെ നടത്തിപ്പ് നിരോധിക്കണമോ എന്ന ഹർജി തിങ്കളാഴ്ച തിരുവല്ല മുൻസിഫ് കോടതി പരിഗണിക്കും.പമ്പ ജലമേളയുടെ സംഘാടകർ 1990ൽ രജിസ്റ്റർ ചെയ്ത പമ്പാ ബോട്ട് റേസ് ക്ലബ് എന്ന സംഘടനാ ആയിരുന്നെന്നും പിന്നീട് ജലമേള സംഘാടക സമിതിയിൽ ഉൾപ്പെട്ട വിക്ടർ ടി.തോമസ് അതേപേരിൽ 2007ൽ മറ്റൊരു രജിസ്‌ട്രേഷൻ നടത്തിയെന്നും പരാതിയിൽ പറയുന്നു. പിന്നീട് സ്വന്തംപേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങിയെന്നും ഇതിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയത് സംബന്ധിച്ചുള്ള വിജിലൻസ് കേസ് അന്വേഷണം നടന്നുവരികയാണ്.വിക്ടർ ടി.തോമസ് വർക്കിംഗ് പ്രസിഡണ്ടായ ക്ലബിന്റെ രജിസ്‌ട്രേഷൻ റദ്ദ് ചെയ്യുന്നതിന് ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നു. ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്ന് പമ്പ ബോട്ട് റേസ് ക്ലബിന്റെ ജനറൽ കൺവീനർ ട്രോഫി കണ്ണാറയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.