പത്തനംതിട്ട: ജനറൽ ആശുപത്രി ഫാർമസി ബ്ലോക്ക് നിർമ്മിക്കുന്നതിനായി 99 ലക്ഷം രൂപയുടെ ഭരണാനുമതിയായി.വീണാ ജോർജ്ജ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് നിർദ്ദേശിച്ചിരുന്ന പ്രവൃത്തിക്കാണ് ഭരണാനുമതി ലഭിച്ചിരിക്കുന്നത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിർവഹണച്ചുമതല. ഗ്രൗണ്ട് ഫ്‌ളോറിന്റെ പകുതിയോളമാണ് ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ഫാർമസി ബ്ലോക്ക് പഴയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഏറെ പഴകിയ,ചോർന്നൊലിക്കുന്ന മേൽക്കൂരയാണ് ഇതിനുണ്ടായിരുന്നത്. ക്യൂ നിൽക്കുന്ന ആളുകൾ പലപ്പോഴും ബോധരഹിതരാവാറുണ്ട്. ഇതിനെല്ലം പരിഹാരമായാണ് പുതിയ ഫാർമസി ബ്ലോക്ക് നിർമ്മിക്കുക.അത്യാധുനിക സൗകര്യളോടു കൂടിയ ഫാർമസി ബ്ലോക്കിൽ ഫാർമസി കൗണ്ടറുകളും, രോഗികൾക്കുള്ള വെയിറ്റിംഗ് റൂം, സ്ത്രീകൾക്കായുള്ള വെയിറ്റിംഗ് റൂം, സ്ത്രീകൾക്കായി പ്രത്യേകം ടോയ്ലറ്റ് സൗകര്യങ്ങൾ എന്നിവയാണ് ഇവിടെ വിഭാവനം ചെയ്തിരിക്കുന്നത്. പൈൽ ഫൗണ്ടേഷനിലാണ് ഫാർമസി ബ്ലോക്ക് നിർമ്മിക്കുക. ജനറൽ ആശുപത്രിയുടെ വികസന ചരിത്രത്തിൽ ഇതൊരു നാഴികകല്ലായി മാറുമെന്ന് വീണാ ജോർജ്ജ് എം.എൽ എ പറഞ്ഞു.