കോട്ടാങ്ങൽ: കോട്ടാങ്ങലിലും പരിസര പ്രദേശങ്ങളിലും നിരവധി വീടുകളിലും ആരാധനാലയങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും മോഷണം നടത്തിയ പ്രതിയെ മോഷണത്തിനിടെ ഗൃഹനാഥൻ പിടികൂടി. കളിയിക്കാവിള സ്വദേശിയും ഇപ്പോൾ വെള്ളാവൂരിൽ താമസക്കാരനുമായ മലമ്പാറ പുത്തൻവീട്ടിൽ ചെല്ലപ്പന്റെ മകൻ രാജൻ (52) ആണ് അറസ്റ്റിലായത്. കോട്ടാങ്ങൽ മണപ്ലാക്കൽ മുഹമ്മദ് നിസാറിന്റെ വീട്ടീൽ മോഷണം നടത്തുന്നതിന്റെ ഇടയിലാണ് പിടിയിലായത്. റാന്നിയിൽ നടക്കുന്ന സ്‌കൂൾ യുവജനോത്സവത്തിൽ മകളെ പങ്കെടുപ്പിക്കുന്നതിന് പോയി രാത്രി 9ന് തിരികെ എത്തിയപ്പോൾ വീട് തുറന്ന നിലയിൽ കാണുകയും ഈ സമയം വീടിനുള്ളിൽ മോഷണത്തിലേർപ്പെട്ടിരുന്ന പ്രതിയെ നിസാർ കിഴ്‌പ്പെടുത്തുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിയെ പെരുമ്പെട്ടി പൊലീസിൽ ഏൽപിച്ചു. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കോട്ടാങ്ങൽ, മണിമല പ്രദേശങ്ങളിൽ അടുത്തിടെ ആരാധനാലയങ്ങളുടെ നേർച്ച പെട്ടികൾ, വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നടന്ന മോഷണവുമായി പ്രതിക്ക് ബന്ധമുണ്ടെന്ന് സൂചനയുണ്ട്.