തിരുവല്ല: പായലും പോളയും മാലിന്യങ്ങളും നിറഞ്ഞ് നീരൊഴുക്ക് നിലച്ച തോടുകൾ പെരിങ്ങര പഞ്ചായത്തിലെ കർഷകർക്കും പ്രദേശവാസികൾക്കും ദുരിതമായി. പാടശേഖരങ്ങളിൽ നെൽകൃഷി തുടങ്ങിയതോടെ ശുദ്ധജലം കിട്ടാത്ത സ്ഥിതിയുണ്ടാകുമോയെന്ന ആശങ്കയിലാണ് കർഷകർ. അപ്പർകുട്ടനാടൻ പ്രദേശങ്ങളിലെ പാടശേഖരങ്ങളിലേക്ക് നെൽകൃഷിക്ക് ആവശ്യമായ വെള്ളം എത്തിക്കുന്നതിന് അരനൂറ്റാണ്ട് മുമ്പ് നിർമിച്ച തോടുകളെല്ലാം വെള്ളപ്പൊക്കത്തെ തുടർന്ന് ഉപയോഗശൂന്യമായ നിലയിലാണ്.

മലിനം:

പെരിങ്ങര പഞ്ചായത്തിൽ സ്വാമിപാലം - മേപ്രാൽ, ചാത്തങ്കരി റോഡ്കടവ് - വിളക്കുമരം തോടുകൾ.

കൈയേറ്റങ്ങളും സംരക്ഷണം ഇല്ലാത്തതും തോടിന്റെ നാശത്തിന് കാരണമായിട്ടുണ്ട്. നീരൊഴുക്ക് നിലച്ചതോടെ വെള്ളം കറുത്തിരുണ്ട നിലയിലാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൂത്താടികൾ പെരുകുന്നത് കൊതുക് ശല്യവും വർദ്ധിപ്പിക്കുന്നു. ദുർഗന്ധവും രൂക്ഷമാണ്.

പത്ത് വർഷം മുമ്പ് വരെ ഗാർഹിക - കാർഷിക ആവശ്യങ്ങൾക്കായി തോട്ടിലെ ജലം ഉപയോഗിച്ചിരുന്നു. എന്നാൽ ജലം മലിനമായതോടെ നാട്ടുകാർ തോടിനെ കൈയൊഴിഞ്ഞു. തോടിന്റെ ചില ഭാഗങ്ങളിൽ ഇരുകരകളിലുമുള്ള വീടുകളിൽ നിന്നും മാലിന്യം പുറംതള്ളാനായി നിരവധി കുഴലുകൾ തോട്ടിലേക്ക് സ്ഥാപിച്ചിട്ടുണ്ട്. ഇവ നീക്കംചെയ്യാൻ അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

ഒഴുക്ക് തടസപ്പെട്ടു

മീൻ പിടിക്കുന്നതിനായി മുൻ വർഷങ്ങളിൽ തോട്ടിൽ സ്ഥാപിച്ച കൂടുകളും ചേരുകളും നീക്കം ചെയ്യാത്തതും നീരൊഴുക്കിന് തടസം സൃഷ്ടിക്കുന്നു.

4.5 ലക്ഷം രൂപയുടെ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മൂന്ന് വർഷം മുമ്പ് തോടിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. എന്നാൽ പണികൾ ശരിയായ രീതിയിൽ നടത്താതിരുന്നത് തോടിന്റെ ശോച്യാവസ്ഥയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

ഈ പ്രദേശത്തെ തോടുകൾ ശുചിയാക്കിയില്ലെങ്കിൽ നെൽകൃഷിക്ക് വെള്ളം എത്തിക്കുന്നത് ബുദ്ധിമുട്ടാകും. ഇതിനായി അധികൃതർ നടപടി സ്വീകരിക്കണം.
പി.കെ.ചെല്ലപ്പൻ
കർഷകൻ,
പടവിനകം ബി പാടശേഖരം

നെൽകൃഷി തുടങ്ങുന്നതിനായി ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. കൃഷിക്ക് വെള്ളം ലഭിക്കുന്ന തോടുകൾ ശുചീകരിക്കണം
പി.കെ.കുഞ്ഞുകോശി
കർഷകൻ
പടവിനകം എ പാടശേഖരം

മൈനർ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ തോടുകൾ ശുചീകരിക്കുന്നതിനായി നിവേദനം നൽകിയിരുന്നു. തുടർന്ന് അധികൃതരുടെ നേതൃത്വത്തിൽ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. തുടർനടപടികൾ ഉടൻ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.
രാജൻ വർഗീസ്
വൈസ് പ്രസിഡന്റ്, പെരിങ്ങര ഗ്രാമപഞ്ചായത്ത്