പത്തനംതിട്ട: ഇലന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സിജു രാജിവച്ചു. കോൺഗ്രസിലെ ധാരണപ്രകാരമാണ് രാജിയെന്ന് സിജു പത്രസമ്മേളനത്തിൽ പറഞ്ഞു. കെ.പി.മുകുന്ദനാണ് പുതിയ പ്രസിഡന്റാകാൻ സാദ്ധ്യത.

അതേസമയം കേരളകോൺഗ്രസ് എമ്മിലെ ഏക അംഗമായ ബാബുജി തര്യൻ പ്രസിഡന്റ് സ്ഥാനം അവകാശപ്പെട്ട് രംഗത്തുവന്നു. തന്നെ പ്രസിഡന്റ് ആക്കിയില്ലെങ്കിൽ യു.ഡി.എഫിനുള്ള പിന്തുണ പിൻവലിക്കുമെന്ന് അദ്ദേഹം പാർട്ടി, യു.ഡി.എഫ് നേതൃത്വങ്ങളെ അറിയിച്ചു. ഇത്രയുംകാലം യു.ഡി.എഫിന് ഒപ്പം നിന്നിട്ടും അവഗണിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 13 അംഗ പഞ്ചായത്തിൽ യു.ഡി.എഫിന് 6, എൽ.ഡി.എഫിന് 5 ബി.ജെ.പിക്ക് 3 എന്നിങ്ങനെയാണ് കക്ഷിനില. ബാബുജി തര്യൻ പിന്തുണ പിൻവലിച്ചാൽ യു.ഡി.എഫിന്റെ അംഗബലം 5 ആയി കുറയും.

നിരവധി നൂതന പദ്ധതികൾ

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിനുശേഷം പാർട്ടിയിലുണ്ടാക്കിയ ധാരണപ്രകാരം തനിക്ക് രണ്ടുവർഷം കാലാവധി ലഭിക്കേണ്ടതായിരുന്നുവെന്നും അതുണ്ടായില്ലെന്നു മാത്രമല്ല, തനിക്കെതിരെ ദുഷ്പ്രചാരണം നടത്താൻ ചിലർ ശ്രമിച്ചതായും സിജു പറഞ്ഞു. 2018 ഡിസംബറിലാണ് താൻ പ്രസിഡന്റായത്. ഭരണസമിതിയിൽ ആദ്യം പ്രസിഡന്റായിരുന്ന സാംസൺ തെക്കേതിൽ ധാരണ ലംഘിച്ച് മൂന്നുവർഷത്തോളം ആ പദവിയിൽ ഇരുന്നു. ഇതോടെ ധാരണ പ്രകാരം കെ.പി. മുകുന്ദന് സ്ഥാനം ലഭിക്കില്ലെന്ന സ്ഥിതിയായിരുന്നു. ഇതോടെയാണ് താൻ രാജിവയ്ക്കാനും അവശേഷിക്കുന്ന 11മാസം മുകുന്ദനെ പ്രസിഡന്റാക്കാനും തീരുമാനിച്ചതെന്ന് സിജു പറഞ്ഞു.
ലോകസഭ, നിയമസഭ ഉപതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണം തന്റെ കാലയളവിൽ മൂന്നുമാസം യാതൊരു വികസനപ്രവർത്തനവും നടത്താനായില്ല. എന്നാൽ അവശേഷിച്ച ഏഴു മാസം കൊണ്ട് പഞ്ചായത്തിൽ നിരവധി നൂതന പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കിയെന്ന് സിജു അവകാശപ്പെട്ടു.
ഗ്രാമപഞ്ചായത്തിന് ഐ.എസ്.ഒ ലഭ്യമാക്കിയതും പദ്ധതി ചെലവ് 96.47 ശതമാനത്തിലെത്തിച്ചതും ഇക്കാലയളവിലാണ്. നികുതി പിരിവ് 100 ശതമാനത്തിലെത്തിച്ചു. ഇലന്തൂർ സ്റ്റേഡിയം നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. ഇലന്തൂർ - മല്ലപ്പുഴശേരി കുടിവെള്ള പദ്ധതിയിൽ 700 ഓളം ഗാർഹിക കണക്ഷൻ നൽകി. 58 ലക്ഷം രൂപ മുടക്കി പൈപ്പ് ലൈൻ ദീർഘിപ്പിച്ചു. റോഡുകൾ, അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ തുടങ്ങിയവയിലും വൻനേട്ടമുണ്ടായി. കുടിവെള്ളക്ഷാമം രൂക്ഷമായ കൊല്ലംപ്പാറ കോളനിയും സമീപ പ്രദേശങ്ങളും പൂർണമായും കുടിവെള്ള ക്ഷാമ വിമുക്തമായി. പൂർണമായും ഗാർഹിക കുടിവെള്ള കണക്ഷനുകൾ നൽകാനായി. വനിത തൊഴിൽ പരിശീലന വിപണന കേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചു. ഇലന്തൂർ സ്റ്റേഡിയത്തോട് ചേർന്ന് ശീതീകരിച്ച മിനി കമ്മ്യൂണിറ്റി ഹാൾ നിർമ്മിച്ചു. നിരവധി ഗ്രാമീണ റോഡുകൾ പുനരുദ്ധരിച്ചു. പ്ളാസ്റ്റിക്ക് വിമുക്ത ഗ്രാമം പദ്ധതിക്ക് തുടക്കമിട്ടു. എന്നിങ്ങനെ നിരവധി പദ്ധതികൾ നടപ്പാക്കാനായതായി എം.എസ്.സിജു പറഞ്ഞു.