അടൂർ: കെ.പി റോഡിന്റെ ഇരു വശങ്ങളിലും പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ചതിൽ അനാസ്ഥ കാട്ടിയ വാട്ടർ അതോററ്റി ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും. പത്തനംതിട്ട വിജിലൻസ് വിഭാഗത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് ഘട്ടങ്ങളായി നടത്തിയ അന്വേഷണത്തിൽ വാട്ടർ അതോററ്റി ഉദ്യോഗസ്ഥരുടെയും കരാറുകാരന്റെയും ഭാഗത്തെ അനാസ്ഥയാണ് 9 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച റോഡിന്റെ തകർച്ചയ്ക്ക് കാരണമെന്ന് കണ്ടെത്തി. പൊതുമരാമത്ത് വകുപ്പു നടത്തിയ നിർമ്മാണത്തിലെ അഴിമതിയാണ് തകർച്ചയ്ക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. എന്നാൽ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് ഇക്കാര്യത്തിൽ വിജിലൻസിന്റെ ക്ലീൻ ചിറ്റ് ലഭിക്കുകയും ചെയ്തു. നിർമ്മാണത്തിൽ അപാകത കണ്ടെത്തിയതോടെ വിജിലൻസ് വിഭാഗം ഉദ്യോഗസ്ഥരിൽ നിന്നും കരാറുകാരനിൽ നിന്നും അടുത്ത ഘട്ടമായി മൊഴി ശേഖരിക്കും. ഇതിനു ശേഷമാകും ഉദ്യോഗസ്ഥർക്കെതിരെ നടപടിയ്ക്ക് ശുപാർശ നൽകുക. തുടർന്ന് ഡിപ്പാർട്ട്മെന്റ് തല നടപടി ഉണ്ടാകും. നിരവധി സ്ഥലങ്ങളിലെ പൈപ്പ് ചോർച്ച വിജിലൻസ് സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് അടിയന്തരമായി പരിഹരിക്കുന്നതിനൊപ്പം താഴ്ന്ന ഭാഗങ്ങൾ ഉയർത്തി ബലപ്പെടുത്തി നൽകണമെന്ന് വാട്ടർ അതോററ്റി ഉദ്യോഗസ്ഥരോടും ഇടിഞ്ഞു താഴ്ന്ന ഭാഗങ്ങൾ പുനർ നിർമ്മിക്കാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കും വിജിലൻസ് വിഭാഗം നിർദ്ദേശം നൽകി.