ഒാമല്ലൂർ: ജില്ലയിൽ കിടത്തി ചികിത്സയുളള മൂന്ന് ഗവ. ആയുർവേദ ആശുപത്രികളിൽ ഒന്നായ ഒാമല്ലൂരിൽ മരുന്നും വെളളവുമില്ല. ഇവിടെയുള്ള എട്ട് കിടപ്പ് രോഗികൾ മരുന്നും വെളളവും കിട്ടാതെ വലയുകയാണ്. ഒാമല്ലൂർ ഗ്രാമ പഞ്ചായത്തിന്റെ കീഴിലാണ് ആശുപത്രി.

സ്റ്റോറിൽ ആവശ്യത്തിന് മരുന്നുണ്ടായിട്ടും രോഗികൾ പുറത്തു നിന്ന് വാങ്ങിക്കേണ്ടിവരുന്നു. മരുന്ന് പൂഴ്ത്തിവച്ച് സ്വകാര്യ ആയുർവേദ ഒൗഷധ ശാലകളെ കനപ്പിക്കുകയാണെന്ന് ആക്ഷേപമുണ്ട്. കിഴിയും എണ്ണയും കുഴമ്പുമിട്ട് ചികിത്സ നടത്തുന്ന പാവങ്ങളായ രോഗികൾ പുറത്ത് നിന്ന് മരുന്ന് വാങ്ങിച്ചു കൊടുക്കേണ്ടിവരുന്നു. ഒരു രോഗിക്ക് മരുന്നിനത്തിൽ പതിനയ്യായിരം രൂപയോളം ഇങ്ങനെ ചെലവാകുന്നുണ്ട്. കിടപ്പ് രോഗികളല്ലാതെ ഒ.പി യിൽ ചികിത്സ തേടി വരുന്നവർക്ക് ആവശ്യത്തിന് മരുന്ന് നൽകുന്നില്ല. മൂന്നോ നാലോ ദിവസത്തേക്ക് മരുന്ന് കൊടുത്ത ശേഷം ബാക്കി പുറത്തെ മെഡിക്കൽ സ്റ്റോറിൽ നിന്ന് വാങ്ങിക്കാെളളാനാണ് പറയുന്നത്. പഴയ ആശുപത്രി കെട്ടിടത്തിലാണ് മരുന്ന് സൂക്ഷിക്കുന്നത്. സ്റ്റോറിലേക്ക് മരുന്നുമായി വാഹനങ്ങൾ എത്തുന്നുണ്ട്. മരുന്ന് സ്റ്റോക്ക് ചെയ്ത ശേഷം സ്റ്റോർ പൂട്ടിയിടുകയാണെന്ന് ആക്ഷേപമുണ്ട്.

ആശുപത്രിയിലേക്ക് വെളളം എത്തിക്കേണ്ട പമ്പ് ഹൗസ് തൊട്ടടുത്ത് തന്നെയാണ്. എന്നാൽ, മോട്ടോർ തകരാറായതിനാൽ പ്രവർത്തനമില്ല. തകരാർ പരിഹരിക്കാൻ പഞ്ചായത്ത് അധികൃതർ നടപടിയെടുത്തിട്ടില്ല. ഒാമല്ലൂർ അമ്പലം ജംഗ്ഷന് സമീപം കുത്തുകയറ്റമുളള റോഡിന് സമീപത്താണ് ആശുപത്രി. പഞ്ചായത്ത് മുകൈയെടുത്ത് ടാങ്കറിൽ എത്തിക്കുന്ന വെളളം ചെളി നിറഞ്ഞതാണെന്ന് പരാതിയുണ്ട്. കിഴിയും കുഴമ്പും തൈലവുമിടുന്ന രോഗികൾക്ക് കുളിക്കാൻ ശുദ്ധമായ ചൂട് വെളളവും തണുത്ത വെളളവും ആവശ്യമാണ്. ചില രോഗികൾ വീട്ടിൽ നിന്ന് വെളളം എത്തിച്ചാണ് ഉപയോഗിക്കുന്നത്.

ആശുപത്രിയിൽ മരുന്നും വെളളവും ഇല്ലെന്ന് പരാതിപ്പെട്ടിട്ടും ഗ്രാമപഞ്ചായത്ത് അധികൃതർക്കോ ആയുർവേദ മെഡിസിൻ വിഭാഗത്തിനോ അനക്കമില്ല. അയിരൂരിലെ ജില്ലാ ആശുപത്രിയിലും കടമ്പനാട്ടെ ആയുർവേദ ആശുപത്രയിലും ആവശ്യത്തിന് മരുന്നും വെളളവും ലഭിക്കുന്നുണ്ട്. എന്നാൽ, ഒാമല്ലൂർ ആശുപത്രിയോടാണ് അവഗണന.

>>

സ്ത്രീകൾക്ക് കിഴിയിടുന്നത് തൂപ്പ് ജോലിക്കാർ

ഒാമല്ലൂർ ആയുർവേദ ആശുപത്രിയിൽ ഒരു മെയിൽ തെറാപ്പിസ്റ്റ് മാത്രമാണുളളത്. അഞ്ച് സ്ത്രീകൾക്കും അഞ്ച് പുരുഷൻമാർക്കും കിടത്തി ചികിത്സയ്ക്കുളള സൗകര്യമാണ് ഇവിടെയുളളത്. സ്ത്രീകൾക്ക് കിഴിയും കുഴമ്പും തൈലവുമിടുന്നത് പരിശീലനം ഇല്ലാത്ത തൂപ്പ് ജോലിക്കാരാണ്. ഇവിടെ പരിശീലനം ലഭിച്ച ഒരു വനിതാ നഴ്സ് ഉണ്ടെങ്കിലും ഇത്തരം കാര്യങ്ങൾ ചെയ്യാറില്ലെന്നാണ് പരാതി.

>>>

ഒാമല്ലൂർ ആശുപത്രിയിൽ

10 കിടക്കകൾ

പുരുഷൻമാർ 5

സ്ത്രീകൾ 5

'' ആശുപത്രി സ്റ്റോറിൽ ആവശ്യത്തിന് മരുന്നുണ്ടായിട്ടും കിടപ്പ് രോഗികൾക്ക് നൽകുന്നില്ല. വീട്ടിൽ നിന്ന് വെളളം വരുത്തിയാണ് കുളിക്കുന്നത്.

കിടപ്പ് രോഗി.

''

കിടപ്പ് രോഗികളിൽ ബി.പി.എൽ കാർഡ് ഉളളവർക്ക് സൗജന്യമായി മരുന്നു നൽകും. മറ്റുളളവർ പുറത്ത് നിന്ന് വാങ്ങണം. കേടായ പമ്പിന്റെ തകരാർ രണ്ട് ദിവസത്തിനുളളിൽ പരിഹരിക്കും.

ഗീതാ വിജയൻ, പഞ്ചായത്ത് പ്രസിഡന്റ്.