മാരാമൺ: പുഞ്ചകൃഷി സുഗമമാക്കാൻ ജില്ലാ പഞ്ചായത്ത് നെടുമ്പ്രയാർ വലിയതോട് നവീകരിച്ചു തുടങ്ങി. ചെളിയും പ്ലാസ്റ്റിക് മാലിന്യങ്ങളും അടിഞ്ഞുകൂടി നീരൊഴുക്ക് തടസപ്പെട്ട തോടാണിത്. നെടുമ്പ്രയാർ പുഞ്ചയിലെ കൃഷിക്ക് ആവശ്യമായ വെള്ളം ഇവിടെ നിന്നാണ് കിട്ടിയിരുന്നത്. ഒഴുക്ക് തടസപ്പെട്ടതോടെ കർഷകർ ബുദ്ധിമുട്ടിലായിരുന്നു. തുടർന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂരിന്റെ നിർദ്ദേശപ്രകാരം സുജലം പദ്ധതിയിൽ ഉൾപ്പെടുത്തി തോട് നവീകരിക്കാൻ തീരുമാനിക്കുകയായിരുന്നു.
പാലയ്ക്കാട്ട് ചിറ മുതൽ പമ്പാനദിയിലെ ചെപ്പള്ളിക്കടവ് വരെയുള്ള ഭാഗം നവീകരിക്കുന്നതിന് 10 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ഇരപ്പൻതോട് ഭാഗത്ത് നിന്നും മറ്റും എത്തുന്ന വെള്ളം വലിയ തോടിലൂടെ ഒഴുകി പമ്പാ നദിയിലാണ് എത്തിച്ചേരുന്നത്. കഴിഞ്ഞ പ്രളയത്തിൽ ചെളിയുടെ അളവ് ക്രമാതീതമായി വർദ്ധിച്ച് തോടിന്റെ പല ഭാഗങ്ങളും നികന്നിരുന്നു. യന്ത്രങ്ങളുടെ സഹായത്തോടെ തോടിനിരുവശത്തെയും കാടുകൾ വെട്ടിത്തെളിച്ച് ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യുന്ന ജോലികളാണ് നടക്കുന്നത് തോട്ടപ്പുഴപ്പുഴശേരി വില്ലേജ് ഓഫീസിന് സമീപമുള്ള അഞ്ചാം പാലത്തിന്റെ താഴെനിന്നാണ് പണി തുടങ്ങിയത്. .
------------
ചെലവ് - 10 ലക്ഷം രൂപ
പ്രയോജനം- നെടുമ്പം ഏലായിലെ നെൽകൃഷിക്ക്